ഇനിയൊരു കാശ്‌മീർ യാത്ര ഉണ്ടെങ്കിൽ ഞാനും ഉണ്ടാകും ഇങ്ങടെ കൂടെ

0
ഇനിയൊരു കാശ്‌മീർ യാത്ര ഉണ്ടെങ്കിൽ ഞാനും ഉണ്ടാകും ഇങ്ങടെ കൂടെ"
കഴിഞ്ഞ പ്രാവശ്യം ലേഹ്-ലഡാക്ക് ബൈക്ക് റൈഡിന് കൊണ്ട് പോകാത്ത നീരസം കെട്ട്യോൾ പറയാൻ തുടങ്ങിയിട്ട് ഒന്നര വർഷമാകാറായി. കട്ട ചങ്ക്‌സിന് വാട്സാപ്പിൽ മെസ്സേജ്. ആരേലുമുണ്ടോ വിത്ത് ഫാമിലി. ദേ കെടക്കണ്, അമേരിക്കക്കാരൻ ഫാറൂഖും , മാംഗ്ലൂർ ഷാൻ, കൊച്ചിക്കാരൻ ജസീമും , പിന്നെ മലപ്പുറത്തുന്നു ഞാനും.
ആറ്റി കുറുക്കി കൈയിലുള്ളത് ആകെ അഞ്ചേ അഞ്ചു നാൾ..ഒരു ദിവസം യാത്ര അങ്ങോട്ട്, ഒരു ദിവസം ഇങ്ങോട്ട്. ബാക്കി മൂന്ന് ദിവസം. ഉള്ളത് കൊണ്ട് ഓണം പോലെ, പ്ലാനിങ് തകൃതി. കുട്ട്യോളും കെട്ട്യോളും ചട്ടീം കുടുക്കേം ഒക്കെ ഉള്ളത് കൊണ്ട് താമസം ആദ്യം റെഡി ആക്കി. നുമ്മ ബ്രോസിന്റെ കൂടെ പോകുന്പോൾ, ആകെ വേണ്ടത് രണ്ട് ജോഡി ജെട്ടി മാത്രം.
ഒക്‌ടോബർ 17 ബുധൻ, രാവിലെ ആറ് മണിക്ക് ബീമാനം കേറി. എയർപോർട്ടിൽ എത്തുന്പോഴേ ആ വിളി കേൾക്കാമായിരുന്നു, നാല് ഫാമിലികൾ ഇത് വരെ എത്തിയില്ല എന്ന കിളി നാദം. നമ്മൾ അവിടെ എത്തിയപ്പോഴേക്കും സമയം കാത്ത് നിന്നില്ല. എങ്കിലും അവസാന നിമിഷം ചെക്കിങ് എല്ലാം കഴിഞ്ഞ്, വാതിലിൽ എത്തിയപ്പോ എയർ ഹോസ്റ്റസിന് ഒരു പുച്ഛം. ആര് മൈൻഡ് ആക്കാൻ ഓളെ . ബാക്കിൽ തന്നെ കെട്ട്യോളും ഉള്ളത് ഓൾക്ക് അറിയില്ലല്ലോ.
വീമാനം കൊച്ചി വിട്ട് ഡൽഹിയുടെ മടിത്തട്ടിലേക്ക് കൃത്യം ഒന്പത് മണിക്ക് എത്തി ചേർന്നു .. പൈലറ്റിന് എവിടെയോ പോകാനുണ്ടെന്നു തോന്നുന്നു, പറഞ്ഞതിലും 15 മിനിറ്റ് മുന്നേ എത്തിച്ച പൈലറ്റിന് ഇരിക്കട്ടെ ഒരു കുതിര പവൻ..
എല്ലാർക്കും വല്യ തിരക്ക് ആണെന്ന് തോന്നുന്നു, ഡൽഹി നുമ്മടെ ഇൻഡിഗോ വിമാനം നിർത്തിയതും ആളോളൊക്കെ ചാടി എണീക്കുന്നു. നുമ്മക്ക് എന്ത് തിരക്ക്, ഇനി അടുത്ത ശ്രീനഗർ ബീമാനം പിടിക്കണം,അതാണേൽ നാല് മണിക്കൂർ കഴിയണം..
ബാഗും ലഗേജുമായി ഒരു കൈയിൽ ക്ടാവിനേം തൂക്കി ടെർമിനൽ ഒന്നിൽ നിന്നും മുന്നിലേക്ക് .. പക്ഷേ ഷട്ടിൽ സർവീസ് ബസിൽ പോകണം.. ബസ്സിൽ പോവാനാണേൽ ഇത്രേടം വരണ്ടായിരുന്നു എന്ന് വാമഭാഗം. ഇത് ചെറിയ കളിയല്ല ഷാനി, അല്ല നാസേ എന്ന് നോമും. എല്ലാം തൂക്കി എടുത്ത് ബസ്സിൽ. ടെർമിനൽ 2 എത്തിയപ്പോ ഡ്രൈവർ എൻജിൻ ഓഫ് ചെയ്‌ത്‌ പല്ലിൽ കുത്തി ഇരിക്കുന്നു.. ഓണം കേരൾ കാ ദേശീയ ത്യോഹാർ എന്ന ഹിന്ദി മാത്രം അറിയാവുന്ന ഞാൻ ക്യാ കരൂ ഭായ് പറഞ്ഞതും, മൂപ്പര് വണ്ടിന്ന് ഇറങ്ങാൻ പറഞ്ഞു.. ഇനി ഇവിടുന്ന് ടെർമിനൽ 3 ലേക്ക് നടക്കണം പോലും.
അങ്ങനെ എല്ലാവരുടെയും പിതാക്കളെ സ്‌മരിച്ച് , ബസിൽ നിന്ന് സാമാനങ്ങൾ ഇറക്കി, ട്രോളി തള്ളി നടന്നു. കുറ്റം പറയരുതല്ലോ, ചോദിച്ചോരെല്ലാം പറഞ്ഞു, കുറച്ചൂടെ പോയാൽ മതിയെന്ന്.. ഹിന്ദി ബോൽതാൻ കൂടെ ആളുണ്ടായത് ഭാഗ്യം..അങ്ങനെ ചോയിച്ച് ചോയിച്ച് പോയി..
അവസാനം ടെർമിനൽ 3 എത്തി. ക്ടാവ് നം.1 ആറു നുമ്മടെ ഫോട്ടോസ്റ്റാറ്റ്, ആൾ ഓക്കേ, ചാടി ചാടി കൂടെ നടന്നു.. ബട്ട് ക്ടാവ് നം.2 മമ്മേടെ ഫോട്ടോസ്റ്റാറ്റ്, കാന്താരി പെണ്ണ് , രണ്ടു വയസ്സുകാരി, ഒക്കത്തിരുന്നാലും പോരാ, കഴുത്തിൽ തന്നെ ഇരിക്കണം..വിക്രമാദിത്യനും വേതാളവും..എല്ലാം കൂട്ടി പെറുക്കി ചെക്ക് ഇൻ ചെയ്‌തു ..എല്ലാം കൂടി ഒരു ഒന്ന് ഒന്നൊന്നര മണിക്കൂർ പോയി കിട്ടി..
ബീമാനത്തിന്റെ ടിക്കറ്റ് കണ്ടപ്പോഴേ തോന്നി ഗോ എയർ വിമാനത്തിന്റെ ദാരിദ്ര്യം. രണ്ടു പ്രാവശ്യത്തിൽ കൂടുതൽ മടക്കിയാൽ നാലായി കീറുന്ന കടലാസ് .. ഭദ്രമായി മടക്കി ലാമിനേറ്റ് ചെയ്‌ത്‌ പോക്കറ്റിൽ ഇട്ടു.
കാന്താരി പെണ്ണിനേം തോളിലേറ്റി, പ്രീമിയം ലോഞ്ചിലേക്ക് , ഫുഡ് അടിക്കണം, ഇച്ചിരി മുള്ളണം .. വാതിൽക്കൽ നിൽക്കുന്ന സുന്ദരിക്ക് നേരെ HDFC ക്രെഡിറ്റ് കാർഡ് നീട്ടി , ഒന്ന് അകത്തേക്ക് വിടൂ പെങ്ങളേ എന്ന എന്റെ അപേക്ഷ വെറുമൊരു രോദനം മാത്രമായി. ഈ കാർഡ് ഒക്കെ ഇപ്പോഴും ഉണ്ടോ എന്ന് അവൾ തിരിച്ചും മറിച്ചും കമഴ്‌ത്തിയും മലർത്തിയും നോക്കി. സോറി സാർ, നിങ്ങൾ രണ്ടു മാസം മുന്നേ വരണമായിരുന്നു, ഈ കാർഡ് ഞങ്ങ നിർത്തി. HDFC മൊയലാളീ നിന്നെ പിന്നെ കാണാട്ടോ എന്ന ആത്മഗതം. കാശ് കൊടുത്ത് കേറാനാണേൽ കീറി കൊണ്ടിരിക്കുന്ന ജെട്ടിയിലെ തുളകൾ കൂടും.
ച്യാച്ചി,അകത്ത് കയറി ഞാൻ ഒന്ന് മുള്ളിക്കോട്ടെ ചോദിച്ചപ്പോൾ, അകത്ത് ശൗചാലയം ഇല്ലെന്ന മറുപടി.. മോഡിജി , ഈ പെട്രോൾ വിറ്റ കക്കൂസ് ഒക്കെ നിങ്ങൾ എവിടെ കൊണ്ട് പോയി പണിയുന്നു.. തടി സലാമത്താക്കി ഫുഡ് കോർട്ടിലേക്ക്..
ആകെയുള്ളത് പിസ ഹട്ട് ആൻഡ് സബ്‌വേ .. ചെക്കന് പിസ, കാന്താരിക്ക് സബ്‌വേ .. കെട്ട്യോൾക്ക് പുച്ഛം, ഇതാ ഇപ്പൊ ഇവിടെ തിന്നാൻ കിട്ടുന്നത് , എനിക്ക് വേണ്ട.. ആ അതാ ഞാൻ പറഞ്ഞത് കാശ്മീർ പെണ്ണുങ്ങൾക്ക് പറ്റിയതല്ലാന്ന്.. പിന്നെ തിരിച്ച് വീട്ടിൽ എത്തുവോളം ഒരു പരാതിയും ഉണ്ടായിട്ടില്ല..
ശബ്‌ദ രഹിത എയർപോർട്ട് ആയത് കൊണ്ട്, ഇവിടെ വിളിയും പറച്ചിലും ഒന്നും ഇല്ല. ഇനിയും വിളിപ്പിച്ചാ അവര് നമ്മളെ വലിപ്പിക്കും എന്ന് അറിയുന്നത് കൊണ്ട് നേരത്തെ കാലത്തേ ബോർഡിങ് ഗേറ്റിൽ കാത്തിരുന്നു.
ടിക്കറ്റ് ഉരസി വിമാനത്തിലേക്കുള്ള ബസിനായി കാത്തിരുന്നു. സാറേ, ആകെ ഒരു ബസ് ഒള്ളു, അത് അവടെ പോയി തിരിച്ച് വരണമെന്ന് ഗ്രൗണ്ട് സ്റ്റാഫ്.. മാശാ അള്ളാഹ് എന്ന് ഞമ്മളും.. ഗോ എയർ എന്നാൽ കാറ്റേ പോ എന്ന് കെട്ട്യോളും..
സുന്ദരികൾ വിമാനത്തിലേക്ക് പിടിച്ച് കയറ്റി, സോറി എന്നെയല്ല, കാന്താരി പെണ്ണിനെ.. ഓള് എല്ലാർക്കും ടാറ്റയും ബിർലയും പറഞ്ഞ് സീറ്റിൽ കേറി ഇരുന്നു.. എല്ലാം റെഡി, ആളുകളും റെഡി, വാതിലും അടച്ചു.. പക്ഷേ വണ്ടി നീങ്ങുന്നില്ല.. അന്യേഷിച്ചപ്പോ അറിഞ്ഞു, ഡൈവർ മൂത്രം ഒഴിക്കാൻ പോയിട്ട് ഇത് വരെ വന്നില്ലാന്ന് .. അപ്പൊ സമയമുണ്ട്, വിമാന ശൗചാലയം ഉപയോഗിച്ച് ഞാനും തിരിച്ച് വന്നു.. അപ്പൊ റെഡി.. വൺ തൂ തീ കാന്താരി കൌണ്ട് ഡൌൺ തുടങ്ങി.. വിമാനം ഇനി ഭൂമിയിലെ സ്വർഗത്തിലേക്ക്.. ശ്രീനഗറിന്റെ മണ്ണിലേക്ക് ..
എന്തായാലും ബീമാനം ഇടിച്ചിറക്കി.. ട്രെയിൻ പോകുന്പോ ബാക്കി വാഹനങ്ങൾ ഗേറ്റിനു മുന്നിൽ കാത്തിരിക്കുന്ന പോലെ, വിമാനം പോകാൻ വേണ്ടി ഒരു ഗേറ്റിനു പുറകിൽ കാത്തിരുന്ന മറ്റു വാഹനങ്ങളെയും റൺവേയിൽ കാണാൻ കഴിഞ്ഞു. അത് ജീവിതത്തിലെ ആദ്യ കാഴ്ചയായിരുന്നു.. മുൻ വാതിലിലൂടെ ഇറങ്ങിയാൽ ബ്രിഡ്‌ജിലേക്കും പിൻ വാതിലിലൂടെ ഇറങ്ങിയാൽ കോണി വഴി നടക്കേണ്ടത് ഉള്ളത് കൊണ്ടും , മുൻ വാതിൽ കൂടി കാന്താരിയെയും തൂക്കി എടുത്ത് നടന്നു.
എയർപോർട്ടിൽ ഇറങ്ങിയപ്പോഴേ കണ്ടു, തോക്കും പിടിച്ച ജവാൻസ്‌. ജയ് ജവാൻ ജയ് കിസാൻ.. ആ തോക്കിൽ നിന്നും ഒരു ഉണ്ടയെങ്ങാനും വഴി തെറ്റി ഇട നെഞ്ചിൽ കൊണ്ടാൽ, കേരളത്തിൽ നിന്നും നുഴഞ്ഞു കയറിയ സുന്ദരനും സുമുഖനായ മലയാളി യുവ ഡോക്ടർ കൊല്ലപ്പെട്ടു എന്നായിരിക്കും നാളത്തെ ന്യൂസ് പേപ്പർ വെണ്ടക്ക ..
ഒരു വിധം സാധനങ്ങളെല്ലാം പൊറുക്കി കൂട്ടി, എക്സിറ്റിൽ നിന്നും ഹോട്ടലിലേക്ക് പൈഡ് ടാക്‌സി എടുത്തു,, രൂപ 930 ധിം.. ഗുൽമാർഗ് ഗൊണ്ടോല കേബിൾ കാർ ടിക്കറ്റും അവിടുന്നും റെഡി ആക്കി.. ഇനിയിപ്പോ അവിടെ പോയി ക്യൂവിൽ നിൽക്കണ്ടല്ലോ എന്നായിരുന്നു പ്രതീക്ഷ.. പ്രതീക്ഷ അസ്ഥാനത്ത് ആയിരുന്നു എന്ന് പിന്നീട് മനസ്സിലായി..
ആദ്യം ഹോട്ടലിലേക്ക്.. ഹോട്ടൽ സോളമൻ ഹൈറ്റ്സ് .. പോകുന്ന വഴിയിൽ ആർമിയുടെ ചെക്കിങ്.. എപ്പോഴും എവിടെയും അസ്വസ്ഥത പ്രതീക്ഷിക്കുന്ന കണ്ണുകൾ..ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്ന് ഭൂമിയിലെ സ്വർഗത്തിലേക്കുള്ള യാത്ര ഇവിടം തുടങ്ങുകയാണ്. ശരാശരി ഒരു നഗരം. നരച്ച പൊടി പാറുന്ന നഗര വീഥികൾ.. നീളൻ ഡ്രെസ്സുകൾ ഇട്ട് നടക്കുന്ന പുരുഷൻമാർ . മുഖം മൂടി കണ്ണ് മാത്രം കാണിക്കുന്ന ശരാശരി കാശ്‌മീരി സ്ത്രീകൾ. കണ്ണുകളിൽ പക്ഷേ വലിയ ഒരു അഗ്നി ജ്വലിക്കുന്നത് കാണാം. റോഡിൽ ആഡംബര വാഹനങ്ങൾ നന്നേ കുറവാണ്. വലിയ ഒരു വാഹനമായി കാണുന്നത് ഇന്നോവകൾ മാത്രമാണ്. കേരളത്തിലെ റോഡുകളിൽ നിന്ന് എന്നോ ഒഴിവാക്കപ്പെട്ട ടയോട്ട ക്വളിസ് പോലും ഇപ്പോഴും ഇവിടെ ടാക്‌സി ആയി ഓടുന്നുണ്ട്..
വൈകുന്നേരം 5 മണിയോട് കൂടി റൂമിൽ എത്തി. മാനേജർ തൻവീർ, ഗുൽമാർഗ് സ്വദേശി, സ്നേഹാഭിവാദ്യങ്ങളോടെ സ്വാഗതം ചെയ്‌തു . കുടിക്കാൻ കശ്മീരിന്റെ സ്വന്തം പാനീയം കഹ്‌വാ നൽകി. കാന്താരി പെണ്ണിന് ആ രുചി അത്ര ഇഷ്ടപ്പെട്ടില്ലാന്ന് തോന്നുന്നു..
കുളിച്ചു ഫ്രഷ് ആയപ്പോ, ഇനി ശ്രീനഗർ രാത്രി കാഴ്ചയിലേക്ക് ഇറങ്ങാമെന്ന തീരുമാനത്തിൽ എത്തി. നാല് ഫാമിലി, മൊത്തം 14 പേർ .. കേരളത്തിലെ അവസ്ഥ വെച്ച് എങ്ങനെ നോക്കിയാലും നാല് ഓട്ടോ വേണ്ടി വരും .. പക്ഷേ രണ്ടേ രണ്ട് ഓട്ടോയിൽ 14 പേരെ കൊണ്ട് പോകാൻ ഓട്ടോക്കാർക്ക് ഒരു മടിയും ഇല്ലായിരുന്നു. അങ്ങനെ വേദാളത്തെയും തൂക്കി, ദാൽ തടാകത്തിന്റെ കരയിൽ തേരാ പാരാ നടന്നു.
ചപ്പാത്തി തിന്നാത്തത്‌ കൊണ്ട് എനിക്ക് ഹിന്ദി അറിയാത്തത് നന്നായി.. ഷിക്കാരയിൽ തടാകത്തിൽ ഒന്ന്‌ കറങ്ങാൻ ഏജന്റുമാരുടെ പ്രലോഭനം അരിയാഹാരം മാത്രം കഴിക്കുന്ന എനിക്ക് വല്യ ബുദ്ധിമുട്ടൊന്നും ഉണ്ടാക്കിയില്ല. കൂടെയുള്ള ചങ്ക്‌സ് അത് മാനേജ് ചെയ്‌തോളും ..
പപ്പാ മീമി മീമി.. കാന്താരി അടുത്തുള്ള ഹോട്ടൽ സ്‌പോട്ട് ചെയ്‌തു കഴിഞ്ഞു. ചെക്കൂനും പതുക്കെ വയറു തടവാൻ തുടങ്ങുന്നു. കെട്ട്യോൾ പിന്നെ ഫുഡിന്റെ കാര്യം ഇനി മിണ്ടൂല്ല എന്ന് ശപഥം ചെയ്‌തത്‌ കൊണ്ട് ആ ഭാഗം ഓക്കേ. .
ഗൂഗിൾ ഒന്ന് തപ്പി, കാശ്‌മീർ സ്‌പെഷ്യൽ വസ്‌വാൻ (wazwan) കിട്ടുന്ന നല്ല ഒരിടം കിട്ടി..ഹോട്ടൽ മുഗൾ ദർബാർ.. എന്നാ ഇന്നത്തെ ശാപ്പാട് അവിടുന്നാകട്ടെ.. ചെക്കനും ചക്കിയും ഫുൾ ഹാപ്പി..രണ്ട് ഓട്ടോയിൽ 14 പേരും കൂടി മുഗളന്റെ ദർബാറിലേക്ക് ..
മുഗൾ ദർബാർ മുകളിൽ തന്നെ എന്ന റിവ്യൂ വായിച്ചതോണ്ട് താഴെ നിലയിലെ ന്യൂ ദർബാറിൽ കേറാതെ ഒറിജിനലിൽ കേറിക്കൂടി. ഭാഗ്യത്തിന് സീറ്റുണ്ട്. പുരാതന രീതിയിൽ അലങ്കരിച്ചിരിക്കുന്ന ഒരു ഇടത്തരം ഹോട്ടൽ..
വിശപ്പിന്റെ വിളി കഠിനമായത് കൊണ്ട് ടീം ലീഡർ ഫാറൂഖ്ജി "ഭയ്യാ, എല്ലാവർക്കും ഓരോ വസ്‌വാൻ , പിന്നെ കുറച്ച് റൊട്ടി, ദാൽ, ചിക്കൻ തേങ്ങാ മാങ്ങാ etc ..." വെയ്റ്റർ " അടങ്ങു സാബ്‌ജി , ആദ്യം ഒരു വസ്‌വാൻ എല്ലാർക്കും കൂടെ തരാം , അത് കഴിച്ചിട്ട് പിന്നെ വയറ്റിൽ സ്ഥലം ഉണ്ടെങ്കിൽ ഞാൻ ഓർഡർ എടുക്കാൻ വരാം" നുമ്മ ബഹുത് ഖുഷി.. ആദ്യം റൈസ്, പിന്നെ പല തരം ഗ്രെവീസ് .. ചിക്കനും മട്ടനും പലവിധം.. എല്ലാം കഴിച്ചു കഴിഞ്ഞപ്പോ വെയ്റ്റർ ചേട്ടൻ " ഇനി വല്ലതും". ഞങ്ങൾ ഒരേ സ്വരത്തിൽ " വേണ്ടായേ.., നൻഡ്രി "
കനം കൂടിയ വയറുമായി ഓട്ടോയിൽ വലിഞ്ഞ് കേറി. വണ്ടിക്ക് വലി കുറഞ്ഞൊന്ന് ഒരു സംശയം. കാന്താരിക്ക് തണുപ്പ് അകറ്റാൻ ഗ്ലൗസ് കിട്ടുമോന്ന് ഒന്ന് പരതി ..രാത്രി വൈകിയത് കൊണ്ട് അത് നടന്നില്ല. ഹോട്ടലിലേക്ക് വെച്ച് പിടിച്ചു. മാനേജർ തൻവീർ ക്യാംപ് ഫയറിനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നു. കുറെ നേരം വെടിയും പറഞ്ഞ്, കശ്മീരിന്റെ തണുപ്പ് ആദ്യ ദിനം തന്നെ ഞങ്ങൾ പുൽകി..പതിയെ പതിയെ ഉറക്കത്തിലേക്ക്....
മൂട്ടിൽ വെയിലേറ്റിട്ട് എണീക്കാൻ കാത്തിരുന്ന എന്നെ , വെയിൽ ഇല്ലാത്തത് കൊണ്ട്, മൂത്ര ശങ്കയാണ്‌ എണീപ്പിച്ചത്. തണുത്ത വെള്ളത്തിൽ മരവിച്ചു പോയെങ്കിലും, ജാക്കറ്റുമിട്ട് വെറുതെ നടക്കാനിറങ്ങി. ഒരു നാടിന്റെ സ്‌പന്ദനം അവിടുത്തെ നാട്ടുകാരിൽ നിന്ന് അറിയണമെന്നാണ് യാത്ര ദർശനം. താഴേ ലോബിയിൽ എത്തിയപ്പോ തൻവീർ പ്രസന്ന വദനനായി ശുഭ ദിനം നേർന്നു. കാശ്മീരിന്റെ ഇന്നലകളെയും ഇന്നുകളെയും പറ്റി പൂർണ ബോധ്യമുള്ള ചെറുപ്പക്കാരനാണ് തൻവീർ. ഭൂരിപക്ഷം ജനങ്ങളും ഇന്ത്യക്കൊപ്പം നിൽക്കുന്പോഴും ഒരു ന്യൂന പക്ഷം പാകിസ്ഥാന്റെ കൂടെയാണെന്നും , അവരാണ് കാശ്‌മീർ താഴ്‌വരയിൽ അശാന്തി വിതക്കുന്നതെന്നും തൻവീറിന്റെ വാക്കുകളിൽ സ്പഷ്ടമാണ്‌ .. തങ്ങളെ സഹായിക്കാൻ പാകിസ്ഥാനേയുള്ളു എന്ന മിഥ്യാധാരണ ചില ആളുകളിൽ ഉണ്ട്. അത് അങ്ങനെ ഉണ്ടാക്കി എടുക്കാൻ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് ബോധപൂർവമായ ഇടപെടലുകളുമുണ്ട്. ശാന്തവും സുന്ദരവുമായ ഒരു ജീവിതം ആഗ്രഹിക്കുന്ന പുതുതലമുറയുടെ പ്രതീകമാണ് തൻവീർ..
പ്രഭാത ഭക്ഷണം കഴിച്ചപ്പോഴേക്കും ചെക്കനും ചക്കിയും പ്രസരിപ്പോടെ റെഡി ആയിരുന്നു. ഇനി യാത്ര സോനാമാർഗിലേക്കാണ് .. ഇന്ന് രാത്രി അവിടെ താമസം.
ശ്രീനഗറിൽ നിന്നും വടക്ക് കിഴക്കായി 80 കി.മീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന തണുപ്പ് കൂടിയ സ്ഥലമാണ് ഇത്. നവംബർ ഡിസംബർ കാലങ്ങളിൽ മഞ്ഞ് മൂടുന്ന ഇവിടേക്ക് എത്തിപ്പെടുക അസാധ്യമാണ്. ആ സമയം സഞ്ചാരികൾക്ക് വിലക്കും നില നിൽക്കുന്നു. ഇന്ത്യൻ ആർമിയുടെ ബേസ് ക്യാംപ്‌ മാത്രമേ ആ സമയങ്ങളിൽ ഇവിടെ പ്രവർത്തിക്കുകയുള്ളു. താജിവാസ് ഗ്ലേഷ്യർ ആണ് ഇവിടുത്തെ പ്രധാന ആകർഷണം. മഞ്ഞു മലകൾക്ക് ഇടയിലൂടെ കുതിരപ്പുറത്ത് രണ്ടു രണ്ടര മണിക്കൂറുകളോളം സവാരി. കൂടെ ഭാഗ്യമുണ്ടെങ്കിൽ മഞ്ഞു വീഴ്ചയും കാണാം, ആസ്വദിക്കാം..
കാന്താരിയും ചെക്കനും യാത്രാ ലഹരിയിലാണ്. തണുപ്പിനുള്ള വസ്‌ത്രങ്ങളൊന്നും ധരിക്കാൻ കാന്താരി റെഡി അല്ല. ഞാൻ ഇതൊക്കെ എത്ര കണ്ടതാ എന്ന ഭാവം. പുച്ഛം.. പിന്നെ നോമും ഒന്നും മിണ്ടില്ല.. ഓളായി ഓൾടെ പാടായി.. കയറ്റം കേറി കൊണ്ടിരിക്കെ കാന്താരി പടക്കം മോഡിൽ നിന്ന് പതിയെ തണുപ്പൻ മോഡിലേക്ക് മാറി കൊണ്ടിരുന്നു. ഗ്ലൗസും ക്യാപും ധരിച്ച് തനി കാശ്മീരി കുട്ടിയായി..
കുതിരപ്പുറത്ത് കേറണേൽ ആളൊന്നുക്ക് 2500 മിനിമം വേണമെന്ന് കുതിര മൊയലാളി.. എന്നാ നിങ്ങ നിങ്ങടെ പണി നോക്ക് എന്ന് ഞമ്മള്.. കൈയിൽ കായി കുറെ ഇല്ലാത്തോണ്ട് വെറുതെ വായി നോക്കി നടന്നപ്പോ, അണ്ണന്മാർ വീണ്ടും, അവസാനം പറഞ്ഞു പറഞ്ഞ് ആയിരത്തൊന്ന് ഉറുപ്യയിൽ അങ്ങട് ഉറപ്പിച്ചു.. കാന്താരിക്ക് രണ്ട് വയസ്സേ ഉള്ളു, അത് കൊണ്ട് ഒറ്റക്ക് ഇരുത്താൻ കുതിരക്ക് വൈമനസ്യം.. എന്നാ ഈ കുതിരകളിക്ക് ഞാനില്ലെന്ന് കാന്താരിയും.. കെട്ട്യോൾക്ക് വയറ്റിൽ ക്ടാവ് നം.3 മൊട്ടിട്ടത് കൊണ്ട് കാന്താരിക്ക് കൂട്ടായി നിന്നു .. വാഹനത്തിന്റെ സാരഥി ഇംതിയാസ്‌ കൂട്ടിരിക്കാമെന്ന ഉറപ്പിൽ ഞാനും ചെക്കനും കുതിരക്ക് മേലേക്ക്.. ജീവിതത്തിൽ ആദ്യായിട്ടാ രണ്ടു മണിക്കൂറൊക്കെ കുതിര സവാരി.. ഊട്ടിയിലെ ചാവാലി കുതിരപ്പുറത്ത് 10 മിനിറ്റ് ഇരുന്നതാ ആകെയുള്ള എക്സ്പീരിയൻസ്..
ഊഹം... പ്ര പ്ര ബ്ര .. കുതിരന്റെ ആക്‌സിലേറ്ററും ബ്രെക്കെല്ലാം ഈ ശബ്ദങ്ങളാണ്‌ .. ചെക്കനും വിട്ടു നോക്കി ഈ അലമുറകൾ.. നതിങ് ഹാപ്പെൻഡ്.. കുതിര മൈൻഡ് ആക്കീല്ല.. മഞ്ഞു മലയുടെ അടുത്ത് എത്തിയപ്പോഴേ കുഞ്ഞു ചെക്കന് മതിയായി.. കൂടുതൽ നേരം നിന്നാൽ ഓഫ്‌ലൈൻ ആവാൻ സാധ്യത ഉള്ളതോണ്ട് തിരിച്ച് പോന്നു ..
വരുന്ന വഴി കുതിരപ്പുറത്തു ഇരിക്കുന്പോ അപ്പൂപ്പൻ താടി പോലെ എന്തോ പറന്നു വീഴുന്നു.. മുറി ഹിന്ദിയിൽ ഞാൻ യെഹ് ക്യാഹ് ഭായി..കുതിരക്കാരൻ പുച്ഛ മോഡ് .. ഇതാണ് സ്‌നോ ഫാൾ എന്ന മലയാളത്തിൽ എനിക്ക് മനസ്സിലായി.. മഞ്ഞു വീഴ്ച.. പണ്ടൊക്കെ നമ്മുടെ നാട്ടിൽ ആലിപ്പഴമെങ്കിലും ഉണ്ടാകുമായിരുന്നു, ഇപ്പൊ അടുത്ത വീട്ടിലെ ആലിക്കക്ക് പോലും ഒരു പഴവുമില്ല .. അങ്ങനെ കുതിര മുകളിൽ ഒരു സ്‌നോ ഫാൾ ആസ്വാദനം..
രണ്ടു മണിക്കൂർ കഴിഞ്ഞ് വണ്ടിയിലെത്തിയപ്പോ കാന്താരിയും കെട്ട്യോളും കടുത്ത കലിപ്പ്.. ഓല് ഒരു തുള്ളി വെള്ളം പോലും കഴിച്ചിട്ടില്ലാന്ന് ..നമ്മൾ പിന്നെ ഫ്രൈഡ് റൈസും ചില്ലി ചിക്കനും കഴിച്ചാണ് വരുന്നതെന്ന് ഞാൻ.. അപ്പൊ എല്ലാം കോമ്പ്ളിമെൻറ്സ് ആക്കി,.. സമയം 5 ആവുന്നു, സ്‌നോ മൂടുന്നു, നേരെ റൂമിലേക്ക്..
റൂമിൽ ഒന്ന് ഫ്രഷ് ആയി, അടുത്ത പരിപാടി ആലോചിച്ചു.. ഫുഡ് അടിക്കണം.. ബ്രേക്ക് ഫാസ്റ്റിനു ശേഷം വയറിന് കാര്യമായി പണിയൊന്നും ഇല്ല.. നേരെ അടുത്ത ഫുഡ് അടിയിലേക്ക്.. മെനു നോക്കി എല്ലാം ഉണ്ട്.. ചെക്കന് ചിക്കൻ സൂപ്പ്.. കാന്താരിക്ക് നൂഡിൽസ്.. വെയ്റ്റർ ഓർഡർ എടുത്ത് പുറത്തേക്ക് .. ഓ ചിലപ്പോ കിച്ചൻ പുറത്തായിരിക്കും.,കുറച്ചു കഴിഞ്ഞ് ഒരു കോഴിനേം പിടിച്ച് മൂപ്പർ അകത്തേക്ക്.. അത് ശരി, അപ്പോ ഒന്നേന്ന് തുടങ്ങണം.. ഫ്രഷ് ആൻഡ് ഫാസ്റ്റ്..
ഫുഡ്ഡും കഴിച്ച് നേരെ റൂമിലേക്ക്, ബെഡ് ഹീറ്റർ ഉപയോഗിച്ച് ചൂടാക്കിയിട്ടുണ്ട്. കിടന്നതും നേരെ ഉറക്കത്തിലേക്ക്, നെഞ്ചിൽ കാന്താരിയും...
മൂന്നാം ദിനം
സോനാമാർഗിലെ മഞ്ഞു കണമുള്ള പ്രഭാതം. ചുറ്റും മഞ്ഞു പുതഞ്ഞ പർവത നിരകൾ. ബെഡ് ഹീറ്റർ അതിന്റെ ജോലി ചെയ്‌തത്‌ കൊണ്ട് ഉറക്കം കെങ്കേമം. പുറത്ത് താപനില മൈനസ് എത്തിയിരുന്നു. ജീവിതത്തിലെ വല്ലാത്തൊരു കാഴ്ചയും നോക്കി, കോഫീ മഗ്ഗിൽ നിന്നും കോഫി നുണഞ്ഞ് ബാൽക്കണിയിൽ ഇരുന്നു, കൂടെ പ്രിയതമയും. തിരക്കുകൾ ഇല്ലാതെ, ആശുപത്രി ഗന്ധമില്ലാതെ, മൊബൈൽ ടോണിന്റെ നീരസങ്ങളില്ലാതെ, ഗാഢമായ പ്രണയത്തിൽ ഒരു പൊൻ പുലരി..
ഇന്ന് പോവേണ്ടത് ഗുല്മാര്ഗിലേക്കാണ്. ഗുൽമാർഗ് , ശ്രീനഗറിൽ നിന്നും 48 കി.മീറ്റർ അകലെ, മഞ്ഞു പുതഞ്ഞ ഗുൽമാർഗ് ..പണ്ട് കാലത്ത് രാജാക്കൻമാർ സുഖവാസത്തിന് തിരഞ്ഞെടുത്ത പുൽ മേടുകൾ.. കാഴ്ചകൾ ഒട്ടനവധിയുണ്ട്..മഹാറാണി ക്ഷേത്രം, സെന്റ് മേരീസ് ചർച്ച്, ഗുൽമാർഗ് ഗൊണ്ടോല കേബിൾ കാർ..
ഗുൽമാർഗ് ഗൊണ്ടോല ഘട്ടങ്ങളായിട്ടാണ് സജ്ജീകരിച്ചിരിക്കുന്നത്..ഒന്നാം ഘട്ടം ഗുൽമാർഗിൽ നിന്നും കോങ്ദൂരി വരെ 10100 അടി ഉയരം വരെ.രണ്ടാം ഘട്ടം കോങ്ദൂരി മുതൽ അഫർവാത് പീക് വരെ..ഏകദേശം 13000 അടി ഉയരം വരെ..സഞ്ചാരികൾക്ക് മഞ്ഞിൽ കളിക്കാനുള്ള സുവർണാവസരമാണ് ഇവിടെ ലഭിക്കുന്നത്.
ഗുൽമാർഗിലേക്ക് ചുരം കയറുന്പോൾ മനസ്സിൽ പതിയെ ഭീതി കടന്നു കൂടി. കാന്താരിക്ക് തണുപ്പ് സഹിക്കാൻ ബുദ്ധിമുട്ടാവുമോ.. ഉയരം കൂടുന്പോ ശ്വാസത്തിന് ബുദ്ധിമുട്ട് വരുമോ. ഗുൽമാർഗിന്റെ അടിവാരം തന്മാർഗിൽ നിന്നും മഞ്ഞിൽ ഉപയോഗിക്കാനുള്ള ബൂട്സും ജാക്കറ്റുകളും സംഘടിപ്പിച്ചു. മുകളിൽ ചെന്നാൽ റേറ്റ് കൂടുമെന്ന് ഗൈഡ് ബഷീർ ഓർമിപ്പിച്ചിരുന്നു. എല്ലാം ഇട്ട് നേരെ വണ്ടിയിലേക്ക്. ഡ്രൈവർ ചുരത്തിലൂടെ അതി വേഗം വണ്ടി പറത്തി കൊണ്ടിരുന്നു. കോട മൂടുന്നതിന് മുന്നേ മൂപ്പർക്ക് തിരിച്ച് ഇറങ്ങണം, അയിനാണ് .
ടിക്കറ്റ് നേരത്തെ എടുത്തത് കൊണ്ടൊന്നും വല്യ ഗുണമുണ്ടായില്ല. കേബിൾ കാറിൽ കേറാൻ പിന്നെയും ഒരു മണിക്കൂർ വരി നിൽക്കേണ്ടി വന്നു. പക്ഷേ ഗൈഡ് ബഷീർ സാഹിബ് കഴിവിന്റെ പരമാവധി ഹെൽപ് ചെയ്തത് തന്നു.
ഞാനും കെട്ട്യോളും കാന്താരിയും കുഞ്ഞിചെക്കനും കൂടി ഒരു കേബിൾ കാറിൽ വലിഞ്ഞ് കേറി . ഇടക്കിടക്ക് ചെറിയ ആട്ടം ഉണ്ടെന്നൊഴിച്ചാൽ യാത്ര പരമസുഖം. വർഷങ്ങൾക്ക് മുന്പ് , സഞ്ചാരികൾ കയറിയ ഒരു കേബിൾ കാർ നൂറ് അടി താഴ്ചയിലേക്ക് പൊട്ടി വീണത് വെറുതെ ഓർത്തു പോയി. രണ്ടാം ഘട്ടം എത്തിയപ്പോഴേക്കും തണുപ്പിന്റെ തീവ്രത കൂടി വന്നു. ഹൈറ്റ് കൂടിയത് കൊണ്ട് കാന്താരിക്ക് നേരിയ ശ്വാസതടസ്സം തുടങ്ങിയിരുന്നു. അധികം റിസ്‌ക് എടുക്കുന്നത് പന്തിയെല്ലാത്തത് കൊണ്ട് കുറച്ച് ഫോട്ടോകൾക്ക് ശേഷം വേഗം തിരിച്ച് ഇറങ്ങി..
വയറെരിയാൻ തുടങ്ങിയത് കൊണ്ട് നേരെ ഭക്ഷണത്തിന് . അവിടെ കിട്ടാവുന്നത് എല്ലാം വാരി വലിച്ച് തിന്നു. ഇനി താമസ സ്ഥലത്തേക്ക്, ഖൈബർ ഹിമാലയ റിസോർട്ടിലേക്ക്.. മക്കൾ രണ്ടും സ്വിമ്മിങ് പൂളിൽ അർമാദിച്ചു .. നീന്തൽ അറിയില്ലെങ്കിലും ഞാൻ പിടിക്കുമെന്ന വിശ്വാസത്തിൽ കാന്താരി ചാടി കൊണ്ടേയിരുന്നു. ക്ഷീണിച്ചവശരായി നേരെ കിടക്കയിലേക്ക്..
നാലാം ദിനം
ഇന്ന് കാശ്‌മീരിൽ അവസാന ദിവസം. നാളെ തിരിച്ച് തിരക്കുകളിലേക്ക് തിരികെ പോകണം. ഇന്ന് ഇനിയൊരു ഓട്ട പ്രദക്ഷിണത്തിനെ സമയമുള്ളൂ. മുഗൾ ഗാർഡൻ, ഹസ്രത് ബാൽ പള്ളി, ദാൽ തടാകത്തിൽ ഒരു യാത്ര.
ഹസ്രത് ബാൽ മസ്‌ജിദ്‌ - പ്രവാചകൻ മുഹമ്മദ് നബിയുടെ പുണ്യ കേശം സൂക്ഷിച്ചിരിക്കുന്നു എന്ന് വിശ്വസിക്കുന്ന ഇടം. ദാൽ തടാക കരയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രവും കൂടിയാണ് ഇവിടം.
ദാൽ തടാകത്തിൽ ഷിക്കാരയിൽ ഒരു യാത്ര. നമ്മുടെ നാടൻ തോണിയെ കുപ്പായമൊക്കെ ഇട്ട് മേക്ക് അപ്പ് ഇട്ട് വെച്ചൂന്നെ ഒള്ളു. സഞ്ചാരികളുടെ പണം പിടുങ്ങുക എന്നത് തന്നെയാണ് എപ്പോഴും മുഖ്യ അജണ്ട. ഒരു തോണിക്ക് 2500 രൂപ ചോദിച്ചിടത്ത്, പേശി പേശി 500 രൂപയിൽ എത്തിച്ചു.
കാന്താരി പെണ്ണിന് ആദ്യമുണ്ടായിരുന്ന കൗതുകം പതുക്കെ വിട്ടൊഴിഞ്ഞു. പിന്നെ ചുറ്റും നിരീക്ഷണം. ചീച്ചി വെള്ളം എന്ന ഒറ്റ കമന്റിൽ ദാലിന്റെ മൊത്തം അവസ്ഥ മനസ്സിലാവും. ചുറ്റും കൂടുന്ന കച്ചവടക്കാരാണ് മറ്റൊരു ആകർഷണവും ശല്യവും. തടാകത്തിൽ നിന്നും ചാടിപ്പോകാൻ പറ്റാത്തത് അവരുടെ ഭാഗ്യം. ഫ്‌ളോട്ടിങ് മാർക്കറ്റിൽ വെറുതെ നടക്കാൻ സമയല്ലാത്തത് ഭാഗ്യമായി, അല്ലേൽ കാന്താരി അവിടം നിരങ്ങിയേനെ ..
സമയം സന്ധ്യയാവാറായി. വീട്ടിൽ കൊണ്ട് പോവാൻ ഒരു ആപ്പിൾ പോലും വാങ്ങിച്ചിട്ടില്ല.. നേരെ ആപ്പിൾ തോട്ടത്തിലേക്ക്.. മെഴുക് ഇല്ലാത്ത കീടനാശിനി ഇല്ലാത്ത ഒന്നാന്തരം ആപ്പിളുകൾ.. അസാധ്യ മധുരം.. ആഹാ.. രണ്ടു കിലോ ചെറി ആപ്പിളും വാങ്ങി വസ്‌വാൻ ഒന്നൂടെ കഴിക്കാൻ ആദൂസ് റെസ്റ്റോറന്റിലേക്ക്..
ആദൂസ് ആദ്യം തന്നെ നമ്മളെ തഴഞ്ഞ പോലെ.. ഒരാളും ഓർഡർ എടുക്കാൻ പോലും വന്നില്ല. വന്നയാൾക്ക് തന്നെ അതി ഭീകര ജാഡ. നമ്മൾ പറയുന്നത് അല്ല, അവർ പറയുന്നത് കഴിക്കണമെന്ന ലോകത്ത് എവിടെയും കേൾക്കാത്ത വിചിത്ര വാദം.. ബിസിനസ് കൂടി പോയതിന്റെ അഹങ്കാരം, അല്ലാണ്ട് എന്ത് പറയാൻ..
പോണാൽ പോവട്ടും പോടാ .. ഇറങ്ങി നടന്നു നേരെ കരീംസിലേക്ക്.. ഒറിജിനലിന്റെ ഡ്യൂപ്ലിക്കേറ്റ് ആണെന്ന് തോന്നുന്നു.. വല്ല വിധേനെം ഭക്ഷണം കഴിച്ച് നേരെ റൂമിലേക്ക്.. ഈ ഒരു രാത്രിയോട് കൂടി കാശ്മീരിനോട് വിട പറയുകയാണ്.. നാളെ തിരിച്ച് ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്..
അഞ്ചാം ദിനം
ആർമാദങ്ങളെല്ലാം കഴിഞ്ഞു.. ഇന്ന് ഇനി തിരിച്ച് പോവണം. കശ്‍മീരിന്റെ ഒരു മൂല പോലും ശരിക്കും എക്‌സ്‌പ്ലോർ ചെയ്യാൻ പറ്റിയില്ല. എല്ല്ലാം ഒരു ചടങ്ങ് പോലെ ഓടി തീർത്തു. വിദേശ സഞ്ചാരികളോട് ശരിക്കും അസൂയ തോന്നും, ആറ് മാസവും ഒരു വാർഷവുമൊക്കെ എടുത്ത്‌ ഇന്ത്യ കാണാൻ വരുന്ന ഒരുപാട് പേരെ കണ്ടു. ഇനി നമ്മളൊക്കെ എന്നാണാവോ ഇന്ത്യ കാണാൻ തുടങ്ങുക. ജീവിതത്തിന്റെ ഈ യാത്രയിൽ ഒരു വിശ്രമം ഉണ്ടോ..
രാവിലെ 10 മണിക്കാണ് ശ്രീനഗർ ഡൽഹി ഫ്ലൈറ്റ്. രണ്ടു മണിക്കൂർ മുന്നേ എയർപോർട്ടിൽ എത്തണമെന്ന് ഹോട്ടലിൽ നിന്നും നിർദേശം കിട്ടി.. പോകുന്ന വഴിയിലൊക്കെ ആർമിയുടെ ചെക്കിങ് ഉണ്ടാകും പോലും. ചിലപ്പോ ബാഗുകളൊക്കെ തുറന്നു കാണിക്കേണ്ടിയും വരാം..
രാവിലെ ഏഴു മണിക്ക് തന്നെ റൂമിൽ നിന്നും ഇറങ്ങി. എല്ലാരുടെയും മുഖത്ത് ശൂന്യത.. 5 ദിവസം പെട്ടെന്ന് തീർന്ന പോലെ .. കാന്താരിക്ക് ചെറിയ ജലദോഷം തുടങ്ങി. കുഞ്ഞി ചെക്കൻ ഓക്കേ.. കൂട്ടുകാരെ പിരിയുന്ന സങ്കടം മുഖത്തുണ്ട്. ഇടിയും കുത്തുമായി കുട്ടിപ്പട്ടാളം തിമിർക്കുകയായിരുന്നു.. ഇനി അടുത്ത വെക്കേഷന് കാണാം എന്ന ഉറപ്പിൽ പതുക്കെ പല വഴിക്ക്..
പോകുന്ന വഴിയിൽ ആർമിയുടെ ചെക്കിങ്.. ബാഗ് സ്‌കാനറിൽ കേറ്റി ഇറക്കി. കുഞ്ഞിപ്പെണ്ണ് പെട്ടെന്ന് അവരുടെ ഓമനയായി. കുഞ്ഞുങ്ങൾ എല്ലാവരിലും വാത്സല്യം പൊഴിക്കും.. പിന്നെ നേരെ എയർപോർട്ടിലേക്ക് .. പുറത്ത് നീളൻ വരി . അകത്ത് കടക്കണേൽ ഇനിയും അര മണിക്കൂർ കഴിയണം. പുറത്തെ തണുപ്പിൽ യാത്രക്കാരെ നിർത്തുന്നത് എന്തിന്റെ പേരിലായാലും ന്യായീകരിക്കാൻ പറ്റുന്ന ഒന്നല്ല.. എല്ലാം നാടിന്റെ സുരക്ഷക്ക് എന്ന് ആശ്വാസം..
എയർപോർട്ടിൽ ഡൽഹിക്ക് പോകുന്ന പട്ടാളക്കാരെ കണ്ടു. ജോലിയുടെ ബുദ്ധിമുട്ടും കാശ്‌മീർ ജനത അവരെ അന്യരായി കാണുന്നതിന്റെ സങ്കടം അവരുടെ മുഖങ്ങളിൽ വ്യക്തം. കേരളത്തെ കുറിച്ച് അവർക്ക് അഭിമാനം.. പഴയ മദ്രാസി വാല എന്ന പേര് ഇപ്പോഴും ബാക്കി കിടക്കുന്നുണ്ടോന്ന് സംശയം..
യാത്രാമൊഴി..ശ്രീനഗർ -ഡൽഹി- കൊച്ചി.. ഒരു യാത്ര കൂടി അവസാനിക്കുകയാണ്.. ഇനിയും പോവണം.. ഓരോ യാത്രയും ഓരോ പാഠങ്ങളാണ്.. ജീവിതത്തിന്റെ തിരക്കുകളിലേക്ക് ഊളിയിടാൻ, നാളെയുടെ നന്മകളിലേക്ക് മുന്നേറാൻ ഒരു ഊർജം..
വാൽക്കഷ്ണം 1 : പപ്പാ ബസ് ആണോ വിമാനമാണോ സ്‌ട്രോങ് കുഞ്ഞി ചെക്കൻ വക ചോദ്യം..
ഞാൻ :വിമാനം
കു.ചെക്കൻ: നോ പപ്പാ.. ബസ്.. വിമാനത്തിൽ കേറാനും ഇറങ്ങാനും എല്ലാം ബസ് വേണം..നാട് കാണാൻ ബസ് വേണം.. വിമാനം ഇറങ്ങി വീട്ടിൽ പോവാൻ ബസ് വേണം.. ബസിൽ നിന്നും ബസിലേക്കുള്ള യാത്രയിൽ ഒരു ഇടത്താവളം മാത്രം വിമാനം..
വാൽ കഷ്‌ണം 2 - ഞാൻ കണ്ട കാശ്‌മീർ .. അത്രേയുള്ളു വല്യ ഡെക്കറേഷൻ ഒന്നും ഇല്ല്യ.. കാഴ്ചകൾ പലതുണ്ട്, അതെന്റെ കണ്ണിലൂടെ കാണാൻ ശ്രമിക്കുന്നു, അത്ര മാത്രം.. ഫോട്ടോയിൽ കെട്ട്യോൾ, ഞാൻ കാന്താരി പെണ്ണ് ആൻഡ് കുഞ്ഞി ചെക്കൻ പിന്നേ മമ്മന്റെ വയറ്റിൽ ഒളിച്ചിരിക്കുന്ന കുഞ്ഞുവാവയും..
........ശുഭം .............

Courtesy : 
Muhammed Kutty




Post a Comment

0Comments
Post a Comment (0)