ഭൂമിയുടെ നെറുകയിലേക്ക് ഒരു യാത്ര

0
Antarctica Malayalam Blog

ഭൂമിയുടെ താഴെ പോയതുമുതൽ ആഗ്രഹം തുടങ്ങിയതാണ്., മുകളിലേക്കും പറ്റിയാൽ ഒന്ന് പോകണമെന്നു .... പക്ഷെ ഭൂമിയുടെ മുകളിൽ കര ഇല്ല, കടൽ ആണ്., തണുത്തുറഞ്ഞ ആർട്ടിക് സമുദ്രം .... അവിടെ എങ്ങിനെ പോകാൻ പറ്റും, എവിടെ പോകാൻ പറ്റും എന്തൊക്കെ കാണാൻ പറ്റും എന്നുള്ള അന്വേഷണം ആയി പിന്നെ ....
തിരച്ചിൽ നിന്നും ഭൂമിയുടെ ഏറ്റവും മുകളിൽ, അക്ഷാംശ രേഖകൾ സംഗമിക്കുന്ന, ഭൂമിയുടെ അച്ചുതണ്ട് ഉപരിതലവുമായി കൂടിച്ചേരുന്ന പോയിന്റിൽ എത്തിച്ചേരാൻ ഉള്ള മാർഗ്ഗങ്ങൾ ഇപ്പോൾ ലഭ്യമാണെന്ന് മനസ്സിലായി..... ഭൂമിയുടെ ഏറ്റവും മുകളിൽ നിൽക്കുന്ന ഒരു അനുഭവം മനസ്സിൽ സങ്കല്പിച്ചു നോക്കി ....... മണിക്കൂറിൽ 1300 കിലോമീറ്ററിൽ അധികം വേഗതയിൽ സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്ന ഭൂമിയിൽ, നിശ്ചലമായ 2 സ്ഥലങ്ങളിൽ ഒന്ന് .(മറ്റൊന്ന് ഭൂമിയുടെ അച്ചുതണ്ടിന്റെ താഴെ 90 ഡിഗ്രി സൗത്ത്).... ഭൂമി നമ്മുടെ കാൽച്ചുവട്ടിൽ..., ഭൂമിയിലെ മറ്റെല്ലാം., ജീവജാലങ്ങളും സ്ഥലങ്ങളും നമുക്ക് താഴെ....
അന്വേഷണത്തിൽ നിന്നും, നോർത്ത് പോളിലേക്കു പോകാൻ രണ്ടു മാർഗങ്ങൾ ആണ് ഉള്ളത് എന്ന് മനസ്സിലായി...

1. ആകാശ മാർഗം - ക്യാനഡയിൽനിന്നോ ഫിൻലൻഡിൽ നിന്നോ ചാർട്ടർ വിമാനങ്ങൾ വഴി നോർത്ത് പോളിന് ഏറ്റവും അടുത്തുള്ള ലാൻഡ് സ്റ്റേഷനിലേക്ക് പോകുക .. അവിടെ നിന്നും ഒരു ഹെലികോപ്റ്ററിൽ നോർത്ത് പോളിലേക്കു പോകുക ... - എന്നാൽ ഇത് റിസ്ക് കൂടുതലും മറ്റു വിനോദങ്ങൾ ഒന്നും തന്നെ ഇല്ലാത്തതുമായ ഓപ്ഷൻ ആണ്., കാരണം ഹെലികോപ്റ്റർ യാത്ര 100 കിലോമീറ്ററിൽ അധികം വരും ... കാലാവസ്ഥ അനുകൂലം അല്ലെങ്കിൽ നോർത്ത് പോളിൽ ഇറങ്ങാൻ പറ്റി എന്ന് വരില്ല., മാത്രമല്ല ഇറങ്ങുന്ന സ്ഥലത്തു നിന്നും പിന്നെ പോളിലേക്കു കാൽനടയായി യാത്ര ചെയ്യേണ്ടി വരും അല്ലെങ്കിൽ (ICE SKIING... കാല് ഒടിക്കാൻ ഉള്ള ഏറ്റവും എളുപ്പ വഴി ....) ഇത്തരം യാത്രകൾ സാദാരണ ആർട്ടിക് മഞ്ഞുകാല സമയങ്ങളിൽ ആണ് നടത്തുന്നത്., അപ്പോൾ കടലിൽ മഞ്ഞു കട്ടികൾ പരമാവധി തണുത്തു ഉറയുകയും SKIING സാധ്യമാവുകയും ചെയ്യും ... പക്ഷെ മഞ്ഞു കാലങ്ങളിൽ സൂര്യ പ്രകാശം ലഭ്യമല്ലാത്ത കാരണം വെളിച്ചം വളരെ കുറവായിരിക്കും ....

2. കടൽ മാർഗം - ലഭ്യമായതിൽ റിസ്ക് കുറവുള്ളതും, 100 % വിജയ സാധ്യത ഉള്ളതും എന്നാൽ ചെലവ് കൂടിയതുമായ മാർഗം ആണ് ഇത്... ഇതിന്റെ ഏറ്റവും വലിയ ഗുണം എന്ന് പറയുന്നത് WILDLIFE ആസ്വദിക്കാൻ പറ്റും എന്നതാണ് ... അങ്ങിനെ ആ വഴി തിരഞ്ഞെടുക്കാം എന്ന് തീരുമാനിച്ചു ....

3. തിരച്ചിലുകൾക്കൊടുവിൽ രണ്ടു കമ്പനികൾ മാത്രമേ നോർത്ത് പോളിലേക്കു യാത്രകൾ നടത്തുന്നുള്ളൂ എന്ന് മനസ്സിലായി.... രണ്ടു പേരെയും ബന്ധപ്പെട്ടതിൽ നിന്നും ഒരു കാര്യം മനസ്സിലായി .. അവർ ടൂർ ഓപ്പറേറ്റർ മാത്രമാണ് റഷ്യൻ ഗവർമെന്റിന്റെ ഒരേ കപ്പൽ ആണ് രണ്ടു പേരും ഉപയോഗിക്കുന്നത് അതും ചാർട്ടർ ചെയ്തു .. വർഷത്തിൽ അകെ 5 യാത്രക്ക് മാത്രമേ റഷ്യൻ ഗവണ്മെന്റ് കപ്പൽ വിട്ടു നൽകുകയുള്ളൂ..,

4. POSEIDON EXPEDITIONS, QUARK EXPEDITION എന്നിവയാണ് ടൂർ ഓപ്പറേറ്റർസ്., കപ്പലിന്റെ പൂർണ നിയന്ത്രണവും ഓപ്പറേഷനും കപ്പലിന്റെ റഷ്യൻ ഉദ്യോഗസ്ഥർ തന്നെയാണ് നിർവഹിക്കുന്നത് ... ലോകത്തിലെ ഏറ്റവും വലുതും ശക്തി കൂടിയതുമായ ICE BREAKER SHIP ആണ് ഇത്. ജൂൺ ജൂലൈ മാസങ്ങളിൽ ആണ് യാത്രകൾ...
രണ്ടു ടൂർ ഓപ്പറേറ്ററും സമാനമായ നിരക്കുകൾ തന്നെയാണ് എനിക്ക് തന്നത് ... റേറ്റ് താങ്ങാൻ പറ്റാത്തത് കാരണം ... യാത്ര സ്വപനം തല്ക്കാലം ഉപേക്ഷിച്ചു ......
മെയ് അവസാനം എനിക്ക് POSEIDON കമ്പനിയുടെ ഒരു EMAIL ലഭിച്ചു.... ക്യാൻസെലേഷൻ ഉള്ളതിനാൽ അവർക്കു കുറച്ചു ഒഴിവുകൾ ഉണ്ടെന്നും വിലയിൽ ചെറിയ കിഴിവ് തരാൻ സമ്മതമാണെന്നും അറിയിച്ചു കൊണ്ടുള്ള എഴുത്തായിരുന്നു അത്.... ഒരു ക്യാബിൻ മൊത്തത്തിൽ എടുത്താൽ വീണ്ടും കിഴിവ് തരാൻ സാധ്യമാണോ എന്ന് ചോദിച്ചു ഞാൻ നിരന്തരം അവരെ വീണ്ടും ശല്യപ്പെടുത്തി കൊണ്ടിരുന്നു ... അവസാനം മെയ് അവസാനത്തോടെ ഒരു ക്യാബിൻ ബുക്ക് ചെയ്യാൻ ഉള്ള തീരുമാനത്തിൽ എത്തി... പക്ഷെ പരമാവധി 2 പേർക്ക് മാത്രമേ ഒരു ക്യാബിൻ അനുവദനീയമായി ഉള്ളൂ...വലിയ ക്യാബിൻ എല്ലാം തന്നെ നേരത്തെ തന്നെ ബുക്ക് ചെയ്തു കഴിഞ്ഞിരുന്നതിനാൽ, ആദ്യമായി ഞങ്ങളുടെ ഒരു യാത്രയിൽ നിന്നും മകളെ ഒഴിവാക്കേണ്ടി വന്നു .... പിന്നെ സ്കൂൾ അവധി ആയതിനാലും ഒരു മാസം നാട്ടിൽ പോയി നിൽക്കണം എന്ന അവളുടെ ആഗ്രഹവും ഈ തീരുമാനം എടുക്കാൻ എന്നെ പ്രേരിപ്പിച്ചു ....തിരിച്ചു വന്നിട്ട് അവളെ POLAR BEAR ന്റെ വീഡിയോ കാണിക്കുമ്പോൾ കിട്ടുന്ന ഇടി കൊള്ളാമെന്നു ഭാര്യയും സമ്മതിച്ചു)
യാത്രക്ക് ചുരുങ്ങിയ ദിവസങ്ങളെ മുന്നിൽ ഉണ്ടായിരുന്നു ജൂൺ 14 ആയിരുന്നു യാത്ര തീയതി... RUSSIAN വിസ ലഭിക്കാൻ ടൂർ ഓപ്പറേറ്ററുടെയോ ഹോട്ടലിന്റെയോ പ്രത്യേക ഒരു വൗച്ചർ ആവശ്യമാണ്... അത് ലഭിച്ചശേഷം മുന്നോട്ടു അധികം ദിവസങ്ങൾ ഇല്ലാത്തതിനാൽ URGENT വിസക്ക് വേണ്ടി അപേക്ഷിക്കേണ്ടി വന്നു... 3 ദിവസങ്ങൾക്കു ശേഷം വിസ ലഭിച്ചു .... വിമാന യാത്ര ടിക്കറ്റുകൾ ഈ ദിവങ്ങളിൽ ബുക്ക് ചെയ്തു....
അങ്ങനെ ജൂൺ 14 വന്നെത്തി.. രാവിലെ 2.25 നു ആയിരുന്നു മോസ്കൊയിലേക്കുള്ള ഞങ്ങളുടെ വിമാനം., മോസ്കൊയിൽ ടെർമിനൽ മാറാൻ യാത്രക്ക് വേണ്ടി മാത്രം 1 മുതൽ 2 മണിക്കൂർ എടുക്കും, അത് ഒഴിവാക്കാനും ചെലവ് കുറക്കാനും വേണ്ടി റഷ്യൻ വിമാനം തന്നെ തിരഞ്ഞെടുത്തു.. വിമാനം രാവിലെ 7
മണിയോടെ മോസ്കൊയിൽ എത്തിച്ചേർന്നു.. മറ്റുള്ള രാജ്യങ്ങളിലേക്കാളും കണിശമായ പാസ്പോര്ട്ട് പരിശോധന ആണ് റഷ്യയിൽ .. ഇന്ത്യക്കാർ ആയതുകൊണ്ടാവണം കുറച്ചു സമയം എടുത്തെങ്കിലും അധികം ചോദ്യങ്ങൾ ഒന്നും ഇല്ലാതെ തന്നെ പരിശോധന കഴിഞ്ഞു .. ഞങ്ങൾ അടുത്ത വിമാനത്തിന് വേണ്ടി ആഭ്യന്തര വിമാന ടെര്മിനലിലേക്കു നടന്നു.... 'MURMANSK' എന്ന റഷ്യയുടെ വടക്കേ അറ്റത്തുള്ള ഒരു പ്രദേശത്തേക്കാണ് അടുത്ത യാത്ര, 2 മണിക്കൂറിൽ കൂടുതൽ എടുക്കും അവിടെ എത്താൻ .... ഉച്ചക്ക് ശേഷം വിമാനം കയറിയ ഞങ്ങൾ വൈകുന്നേരത്തോടെ 'MURMANSK' ൽ എത്തിച്ചേർന്നു ..
വിമാനത്താവളത്തിന് വെളിയിൽ തന്നെ ടൂർ ഓപ്പറേറ്റർ ഞങ്ങളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു, ഞങ്ങളുടെ വിമാനത്തിൽ കൂടുതലും ഈ യാത്രക്കായി വന്നവർ തന്നെ ആയിരുന്നു, അവരുടെ ബസ്സിൽ നഗര മധ്യത്തിലേക്കു യാത്രയായി .. നഗര ഹൃദയത്തിലെ വലിയ ഒരു ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തു ....ഇന്നത്തെ രാത്രി ഇവിടെയാണ്.... നാളെയാണ് കപ്പൽ യാത്ര ആരംഭിക്കുന്നത്., സീ പോർട്ടിലും കപ്പലിലും വളരെ ശക്തമായ സുരക്ഷാ പരിശോധനകൾ ആണ് ഉള്ളത്., അതിനാൽ ഞങ്ങളുടെ ലഗേജ് എല്ലാം തന്നെ അന്ന് രാത്രി ടൂർ ഓപ്പറേറ്ററിന് കൈമാറേണ്ടി വന്നു... പിറ്റേന്ന് രാവിലെ 8 മണിക്ക് ടൂർ ലീഡർ ഹോട്ടലിൽ എല്ലാ യാത്രക്കാരുടെയും ആദ്യ യോഗം വിളിച്ചു., ഞങ്ങൾക്ക് പോർട്ടിൽ പ്രവേശിക്കുന്നതിനെയും ഷിപ്പിൽ കയറുന്നതിനും ഉള്ള മാർഗ നിർദേശങ്ങൾ തന്നു... 23 രാജ്യങ്ങളിൽ നിന്നായി ആകെ 120 യാത്രക്കാരാണ് ഉള്ളത്., പകുതിയിൽ ഏറെ ചൈനയിൽനിന്നും തായ്വാനിൽ നിന്നും ഉള്ളവർ., ഗ്രൂപ്പ് തിരിച്ചാണ് സീപോർട്ടിലേക്കുള്ള പ്രവേശനം.. ഞങ്ങളുടെ ഗ്രൂപ്പിന് വൈകുന്നേരം 3 മണിക്കാണ് ബസ്സിൽ കയറാനുള്ള സമയം .. അതിനാൽ കാഴ്ചകൾ കാണാൻ വേണ്ടി ഞങ്ങൾ പുറത്തേക്കു ഇറങ്ങി....
വടക്കേ ധ്രുവ പ്രദേശത്തിനടുത്തു സ്ഥിതിചെയ്യുന്ന മനോഹരമായ ഏറ്റവും വലിയ കടലോര പട്ടണമാണ് 'MURMANSK' യൂറോപ്യൻ രാജ്യങ്ങളുടെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന റഷ്യൻ പട്ടണം എന്ന നിലയിൽ സൈനികമായി റഷ്യയുടെ തന്ത്ര പ്രധാനമായ മേഖല ആണ് ഇത് ... എപ്പോഴും നല്ല തണുത്ത കാലാവസ്ഥയാണ് ഇവിടെ, വർഷത്തിൽ 8 മാസത്തോളം ഇവിടെ മഞ്ഞു മൂടി കിടക്കും, ജൂലൈ ആഗസ്ത് മാസങ്ങളിൽ ആണ് വേനൽക്കാലം അപ്പോൾ പരമാവധി 20 ഡിഗ്രി ആണ് താപനില.. പകൽ 20 മുതൽ 22 മണിക്കൂർ വരെയും... പുറത്തു സാമാന്യം നല്ല കാറ്റും തണുപ്പും ഉണ്ടായിരുന്നു 15 ഡിഗ്രി ആയിരുന്നു അന്നത്തെ താപനില., ആൾക്കാരും കടക്കാരും എല്ലാം റഷ്യൻ ഭാഷ മാത്രമേ സംസാരിക്കൂ., എല്ലാ എഴുത്തുകളും പരസ്യങ്ങളും എല്ലാം റഷ്യൻ ഭാഷയിൽ., മഞ്ഞ 'ന' കണ്ടതുകൊണ്ടു കട MC DONALDS ആണെന്ന് മനസ്സിലായി., പക്ഷെ ചിക്കൻ ബർഗർ മേടിക്കാൻ ., പടം കാണിച്ചു കൊടുക്കേണ്ടി വന്നു... ഇംഗ്ലീഷ് ആർക്കും അറിയില്ല., അവർക്കു ആവശ്യവുമില്ല., കാണാൻ ഒരുപാടു ഉണ്ടെങ്കിലും സമയ കുറവ് കാരണം സിറ്റി ചെറുതായി ചുറ്റി കറങ്ങി ഞങ്ങൾ തിരിച്ചു ഹോട്ടലിൽ എത്തി, യാത്രക്ക് തയ്യാറെടുത്തു തുടങ്ങി....
3 മണിയോടെ ഞങ്ങളുടെ ഊഴം എത്തി.. മുൻ നിശ്ചയിച്ച പ്രകാരം ഞങ്ങൾ ബസ്സിൽ പോർട്ട് ലക്ഷ്യമാക്കി യാത്ര തുടങ്ങി ഏകദേശം 30 മിനിറ്റ് വേണം പോർട്ടിൽ എത്താൻ .. പോകുന്ന വഴി ഞങ്ങൾക്ക് 'MURMANSK ' ലെ റഷ്യൻ വാർ മ്യൂസിയം സന്ദർശിക്കാനുള്ള അവസരം ലഭിച്ചു., രണ്ടാം ലോക മഹായുദ്ധത്തിന്റെ ഓർമക്കു സ്ഥാപിച്ചതാണ് ഇത് ... 300 മീറ്ററിൽ അധികം ഉയരമുള്ള "തോക്കേന്തി നിൽക്കുന്ന ഒരു സൈനികന്റെ" പ്രതിമയാണ് ഇത്... ഒരു കുന്നിന് മുകളിലായാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്., ഇവിടെ നിന്ന് നോക്കിയാൽ സിറ്റിയും സീ പോർട്ടും മുഴുവനായി കാണാൻ സാധിക്കും.. 15 മിനിറ്റ് അവിടെ ചിലവഴിച്ച ശേഷം ബസ്സ് സീപോർട്ടിലേക്കു യാത്ര തുടർന്നു ..
ബസ്സ് സീപോർട്ടിൽ എത്തി... റഷ്യയുടെ ആണവ കപ്പലുകൾക്ക് വേണ്ടി മാത്രമുള്ള പോർട്ട് ആണ് ഇത്... പോർട് നിയന്ത്രിക്കുന്നത് റഷ്യൻ ഗവൺമെന്റ് നേരിട്ടാണ്... ഫോട്ടോഗ്രാഫി കര്ശനമായി നിരോധിച്ചിരിക്കുന്നു (ബസ്സിൽ നിന്ന് ഫോൺ ഉപയോഗിച്ച് ഫോട്ടോ എടുത്താൽ പോലും കാമറ അവര് കൊണ്ട് പോകും മാത്രമല്ല യാത്രയും മുടങ്ങും എന്ന് ഞങ്ങൾക്ക് നേരത്തെ ടൂർ ലീഡറുടെ മുന്നറിയിപ്പ് കിട്ടിയതിനാൽ., ആ പണിക്കു പോയില്ല....) ലോകത്തിലെ സിവിലിയന്മാർക്കു പ്രവേശനം ഉള്ള ഒരേ ഒരു ആണവ തുറമുഖം.... അതും ഈ ഒരു യാത്രക്ക് വേണ്ടി മാത്രം ആണ് അവർ അത് അനുവദിച്ചിരിക്കുന്നത്... ബസ്സിൽ നിന്നും ഇറങ്ങാൻ ഉള്ള അറിയിപ്പ് കിട്ടി, ബസ്സ് മെറ്റൽ ഡിറ്റക്ടറിന്റെ മുന്നിലായി നിന്നു., ബസ്സിൽ നിന്നും ഇറങ്ങിയത് മെറ്റൽ ഡിറ്റക്ടറിന് മുന്നിലേക്ക് 2 ഉദ്യോഗസ്ഥരുടെ ചെക്കിങ്, പാസ്പോര്ട് എടുത്തു മുഖം ഒത്തു നോക്കി രണ്ടു പേര് ചെക്ക് ചെയ്യും.. അവരുടെ മറ്റു എന്തോ രേഖകളുമായി ഒത്തു നോക്കും.. അതിനു ശേഷം വിമാനത്താവളത്തിലെ പോലെ ഹാൻഡ്ബാഗ് സ്ക്രീനിംഗ് .. പിന്നെ മറ്റൊരു സ്ഥലത്തു കൈപ്പത്തിയുടെ സ്കാനിംഗ് .. ഇതെല്ലം കഴിഞ്ഞു നേരെ ഞങ്ങളെ കപ്പലിന്റെ പടിവാതിലിൽ കൊണ്ട് ചെന്ന് വിടും., മറ്റെങ്ങോട്ടും തിരിഞ്ഞു നോക്കാൻ പോലും അവര് സമ്മതിച്ചില്ല ....
ഞങ്ങൾ കപ്പലിലേക്ക് കയറി., പുറമെ നിന്ന് കണ്ടപ്പോൾ തന്നെ മനസ്സിലായി., വളരെ ഭീമാകാരമായ ഒരു കപ്പൽ, ഞങ്ങളുടെ ക്യാബിനിലേക്കു കപ്പൽ ജോലിക്കാർ ഞങ്ങളെ ആനയിച്ചു... ക്യാബിനിൽ ഞങ്ങളുടെ ലഗേജ് എത്തിച്ചിട്ടുണ്ടായിരുന്നു.... കപ്പൽ പുറപ്പെടാൻ ഇനിയും 2 മണിക്കൂർ ബാക്കി ഉണ്ട്...., കപ്പലിന്റെ മാപ്പും എടുത്തുകൊണ്ടു നേരെ കപ്പലിന്റെ മുകളിലെ ഡെക്കിലേക്കു പോയി ... ക്യാബിനുകൾ മാത്രം 5 നിലയുണ്ട്., മുകളിലേക്ക് 2 നില വേറെയും. (അവിടെ ഉണ്ടായിരുന്ന കപ്പൽ ജീവനക്കാരനോട് ഫോട്ടോ എടുക്കാൻ അനുവാദം ചോദിച്ചു... കപ്പൽ യാത്ര തുടങ്ങിയാൽ എടുത്തു കൊള്ളാൻ പറഞ്ഞു...) ഞങ്ങളുടെ കപ്പലിന്റെ തൊട്ടടുത്തായി റഷ്യയുടെ ആണവ വിമാന വാഹിനി കപ്പൽ കിടന്നിരുന്നു.. അതിന്റെ മുകളിൽ സൈനികരുടെ എന്തോ പരേഡും മറ്റും നടക്കുന്നത് കാണാമായിരുന്നു..
6 മണിയോടെ രണ്ടു TUG BOAT ഞങ്ങളുടെ കപ്പലിന് അടുത്തെത്തി (കപ്പലിനെ പോർട്ടിൽ നിന്നും കടലിലേക്ക് വലിച്ചു നീക്കുന്ന ബോട്ടുകൾ ആണ് ഇവ) അവ കപ്പലിന്റെ ഒരു വശത്തു ബന്ധിച്ചു കപ്പലിനെ വലിച്ചു നീക്കി തുടങ്ങി .... ഞാൻ ഫോട്ടോഗ്രാഫി തുടങ്ങി..... 15 മിനിറ്റുകൊണ്ട് അവ കപ്പലിനെ പോർട്ട് സൈഡിൽ നിന്നും മധ്യത്തേക്കു മാറ്റി.. കപ്പൽ ഹോൺ മുഴക്കി അതിന്റെ യാത്ര തുടങ്ങി .... പോർട്ടിന് ഒരു വശം നിറയെ ആണവ ഐസ് ബ്രേക്കർ കപ്പലുകൾ നിരത്തി ഇട്ടിട്ടുണ്ടായിരുന്നു., പ്രവർത്തിക്കുന്നവയും., കാലാവധി കഴിഞ്ഞവയും .. മറുവശം ആയിരുന്നു കാഴ്ച…. റഷ്യയുടെ പടക്കപ്പലുകളുടെ ഒരു നീണ്ട നിര തന്നെ അവിടെ ഉണ്ടായിരുന്നു 40 ൽ കുറയാത്ത എണ്ണം വരും അവ.. ഒരു ആണവ അന്തർവാഹിനി കടല്പരപ്പിൽ കിടക്കുന്നതും കാണാൻ സാധിച്ചു .....
ഞങ്ങളുടെ അപ്പോഴത്തെ പൊസിഷൻ ('Murmansk Atomflot" ) 68.97 ഡിഗ്രി നോർത്ത് ആയിരുന്നു., അവിടെ നിന്നും 90 ഡിഗ്രി നോർത്ത് എത്താൻ ഏകദേശം 2300 കിലോമീറ്റർ സഞ്ചരിക്കണം...
ഞങ്ങൾക്ക് സഞ്ചരിക്കേണ്ട ദൂരം ഏകദേശം 21 ഡിഗ്രി വടക്കോട്ടു (90 - 68.97 = 21.03)., ഒരു ഡിഗ്രി എന്ന് പറയുന്നത് 60 നോട്ടിക്കൽ മൈൽ ആണ്., അപ്പോൾ അകെ സഞ്ചരിക്കേണ്ട ദൂരം = 21 x 60 = 1260 നോട്ടിക്കൽ മൈൽ., ഒരു നോട്ടിക്കൽ മൈൽ = 1.852 കിലോമീറ്റർ., അങ്ങിനെ ആകെ സഞ്ചരിക്കേണ്ട ദൂരം = 1260 x 1.852 = 2333 കിലോമീറ്റർ ... കപ്പലിന്റെ കടലിലെ പരമാവധി വേഗത 19 നോട്ടിക്കൽ മൈൽ ആണ് പക്ഷെ മഞ്ഞു പാളികളുടെ കട്ടി കൂടുംതോറും വേഗത കുറക്കേണ്ടി വരും. 2 മീറ്ററിൽ കൂടിയ മഞ്ഞു പാളികളിലൂടെ പരമാവധി 7-8 നോട്ടിക്കൽ മൈൽ വേഗത മാത്രമേ കപ്പലിന് ലഭ്യമാവുകയുള്ളൂ , ... അതിനാൽ നോർത്ത് പോളിൽ എത്തുന്ന സമയം കൃത്യമായി പറയാൻ സാധിക്കില്ല, 3 മുതൽ 5 വരെ ദിവസങ്ങൾ വേണ്ടി വരും എന്ന് മാത്രമേ ഇപ്പോൾ പറയാൻ കഴിയൂ..
കപ്പലിലെ എല്ലാ ആൾക്കാരും നിര്ബന്ധമായി പങ്കെടുക്കേണ്ട എമർജൻസി ഡ്രില്ലിന് ശേഷം കപ്പലിന്റെ ക്യാപ്റ്റന്റെ വെൽക്കം പാർട്ടിയിലേക്ക് വരാൻ ഉള്ള നിർദ്ദേശം കിട്ടി.... ഞങ്ങളുടെ ടൂർ ഓപ്പറേറ്റർ ലീഡർ ക്യാപ്റ്റനെ ഞങ്ങൾക്ക് പരിചയപ്പെടുത്തി.. അദ്ദേഹം കപ്പലിന്റെ ചീഫ് എഞ്ചിനീയറെയും (ചീഫ് എൻജിനീയർക്കു ആണ് കപ്പലിന്റെ ആണവ റിയാക്ടറിന്റെയും എൻജിൻ ഓപ്പറേഷന്റെയും ചുമതല) മറ്റു ഓഫീസർമാരെയും പരിചയപ്പെടുത്തി.. ഷാംപെയ്ൻ പാർട്ടിയോടെ ആണ് ചടങ്ങു അവസാനിച്ചത് ....
ഒരു മണിക്കൂറിനുള്ളിൽ കപ്പൽ പുറം കടലിൽ പ്രവേശിച്ചു... വളരെ വലുപ്പം കൂടിയ കപ്പൽ ആയതിനാലും കടൽ താരതമ്യേനെ ശാന്തമായതിനാലും, ചെറിയ രീതിയിൽ ഉള്ള ഇളക്കം മാത്രമേ കപ്പലിന് അനുഭവപ്പെട്ടുള്ളൂ .. ഈ കപ്പൽ സാഹസിക യാത്രക്ക് വേണ്ടിയുള്ളതല്ല ., റഷ്യൻ ഗവൺമെന്റിന്റെ വർക്കിംഗ് ഷിപ് ആണ് ഇത്., കപ്പലിലെ ഉദ്യോഗസ്ഥരുടെ കാബിനുകളിൽ മാറ്റങ്ങൾ വരുത്തിയാണ് ഞങ്ങൾക്കുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത് (ഈ രണ്ടു മാസം കപ്പൽ ഉദ്യോഗസ്ഥർ താഴെ തട്ടിലുള്ള ജോലിക്കാരുടെ കൂടെ അവരുടെ കാബിനുകളിൽ ആണ് താമസിക്കുന്നത്)., വർക്കിംഗ് ഷിപ് ആണെങ്കിലും എല്ലാ വിധ സൗകര്യങ്ങളും ഉള്ള കപ്പൽ ആണ് ., GYM, SWIMMING POOL, BAR, LIBRARY, SALOON എന്നീ സൗകര്യങ്ങൾ ഉണ്ടായിരുന്നു.
ഓരോ ദിവസവും കപ്പൽ കടന്നുപോകുന്ന റൂട്ടും പോകുന്ന വഴിക്കു എന്തൊക്കെ കാണാൻ സാധിക്കും എന്നും., ഓരോ ദിവസത്തെയും മറ്റു പരിപാടികൾ എന്നിവ സംബന്ധിച്ച കുറിപ്പുകൾ എല്ലാ ദിവസവും വൈകുന്നേരം നമ്മുടെ ക്യാബിന്റെ ഡോർ പോക്കറ്റിൽ ഉണ്ടാവും., എല്ലാ ദിവസങ്ങളിലും കുറഞ്ഞത് മൂന്നു വിജ്ഞാനപ്രദമായ ക്ളാസുകൾ എങ്കിലും ഉണ്ടായിരിക്കും..
പിറ്റേ ദിവസം ഉച്ചയോടെ കപ്പൽ ഐസ് ഫീൽഡിലേക്കു പ്രവേശിച്ചു തുടങ്ങി.. സാധാരണ ഐസ് ക്ളാസ് കപ്പലുകളിൽ നിന്ന് വിഭിന്നമായി വേഗത ഒട്ടും കുറക്കാതെ തന്നെയാണ് മഞ്ഞു പാളികളെ കീറി മുറിച്ചുകൊണ്ട് കപ്പൽ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നത് ... രാത്രിയോ പകലോ എന്ന വ്യത്യാസം മനസ്സിലാക്കാൻ ക്ളോക്ക് നോക്കേണ്ടി വന്നു .. 24 മണിക്കൂറും ഒരേപോലെയുള്ള സൂര്യപ്രകാശം ലഭ്യമായി തുടങ്ങി ... ചിലപ്പോൾ മഞ്ഞു കാരണം ഉള്ള പുകമാറ കാരണം കാഴ്ചകൾ മങ്ങും എന്നത് ഒഴിച്ചാൽ ഇരുട്ടിന്റെ യാതൊരു ലക്ഷണവും ഇല്ലായിരുന്നു (മടക്ക യാത്രയിൽ വിമാനത്തിൽ വച്ച് മാത്രമാണ് 12 ദിവസത്തിനു ശേഷം ഇരുട്ട് കാണാൻ പറ്റിയത്)., പുറത്തെ കാലാവസ്ഥ മൈനസ് ലെവലിലേക്കു താഴ്ന്നു., സഹിക്കാൻ ആവാത്ത കാറ്റും തണുപ്പും കാരണം പുറത്തു അധികം നില്ക്കാൻ പറ്റാത്ത അവസ്ഥയായി വൈവിധ്യമാർന്ന പക്ഷികളുടെ ആവാസ സ്ഥലമാണ് ആർട്ടിക് മേഖല, യാത്രയിൽ ഉടനീളം അപൂർവമായ പക്ഷികളെ കാണാൻ പറ്റി ., കപ്പലിന് പുറകുവശത്തായി മത്സ്യത്തിനായി അവ വട്ടമിട്ടു പറന്നുകൊണ്ടേയിരുന്നു ..
പിറ്റേദിവസം വെളുപ്പിന് 4 മണിക്ക് ടൂർ ലീഡറിന്റെ അറിയിപ്പ് കേട്ടാണ് ഉറക്കമുണർന്നത്.... രണ്ടു ധ്രുവക്കരടികൾ കപ്പലിന് മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നായിരുന്നു അറിയിപ്പ്... കേട്ടപാടെ വിന്റർ ജാക്കറ്റും എടുത്തു ക്യാമറയുമായി കപ്പലിന്റെ മുൻവശത്തെ ഡെക്കിലേക്കു ഓടി ... അവിടെ ചെന്നപ്പോൾ ഏകദേശം കപ്പിലുള്ള എല്ലാ ആൾക്കാരും അവിടെ എത്തിയിട്ടുണ്ടായിരുന്നു.... കപ്പലിന് താഴെയായി മഞ്ഞു കട്ടകൾക്കു നടുവിലായി തൊട്ടടുത്ത് രണ്ടു ധ്രുവക്കരടികൾ ഞങ്ങളെ തന്നെ ശ്രദ്ധിച്ചു നടക്കുകയും ചെറുതായി മുരളുകയും ചെയ്യുന്നുണ്ടായിരുന്നു., ചെറിയ മഞ്ഞു കട്ടകൾക്കു അവയുടെ ഭാരം താങ്ങാൻ പറ്റാത്തത് കാരണം അവ ഒന്നിൽ നിന്നും മറ്റൊന്നിലേക്കു ചാടിയും വെള്ളത്തിലൂടെ നീന്തിയും ഞങ്ങൾക്ക് ചുറ്റും കറങ്ങി... ഭക്ഷണം തേടി വന്നവയായിരുന്നു അവർ ...
ലോകത്തിലെ മാംസഭോജിയായ ഏറ്റവും വലിയ ജീവികളാണ് ധ്രുവ കരടികൾ.. പൂർണ വളർച്ചഎത്തിയ ധ്രുവ കരടിക്കു 650 കിലോയോളം ഭാരം ഉണ്ടാകും .. ഇത്രയും ഭാരം ഉണ്ടെങ്കിലും മണിക്കൂറിൽ 10 കിലോമീറ്റർ വേഗതയിൽവരെ ഇവക്കു നീന്താൻ കഴിയും.. ലോകത്തിലെ ഏറ്റവും ദുഷ്കരമായ കാലാവസ്ഥയിൽ ജീവിക്കുന്ന ഇവക്കു കാര്യമായ ഭീഷണികൾ ഒന്നും തന്നെ ഇല്ല.. ഇവയ്ക്കുള്ള ഒരേ ഒരു ഭീഷണി മനുഷ്യൻ സൃഷ്ടിക്കുന്ന ആഗോള താപനം ആണ്., അതുമൂലം വര്ഷം തോറും മഞ്ഞു കുറഞ്ഞുവരികയും ഇവയുടെ ആവാസ വ്യവസ്ഥക്ക് ഭീഷണിയാവുകയും ചെയ്യുന്നു... വേനൽക്കാലം ആകുമ്പോൾ ചുറ്റുമുള്ള മഞ്ഞു ഉരുകുകയും ജീവൻ നിര്ത്താനും ഭക്ഷണത്തിനുമായി കൂടുതൽ തണുത്തുറഞ്ഞ പ്രദേശങ്ങളിലേക്കു നീന്തി പോകേണ്ടിയും വരുന്നു... ഇത്രയും ദുഷ്കരമായ കാലാവസ്ഥയിൽ ജീവിക്കുന്നതിനാൽ അപാരമായ കഴിവുകൾ ആണ് ദൈവം ഇവക്കു നൽകിയിരിക്കുന്നത് 30 കിലോമീറ്റർ ദൂരത്തുള്ള ജീവികളെപോലും മണത്തു കണ്ടുപിടിക്കാൻ ഇവക്കു പറ്റും., അതുപോലെ മഞ്ഞുപാളികൾക്കു അടിയിൽ കിടക്കുന്ന "സീൽ" നെ വരെ ഇവക്കു മണത്തു കണ്ടുപിടിക്കാൻ പറ്റും ... മഞ്ഞുപാളികൾക്കടിയിൽ സീൽ ഉണ്ടെന്നു മനസ്സിലായാൽ ഇവ കുറച്ചു ദൂരത്തേക്ക് മാറി നിൽക്കും., സീൽ എപ്പോഴെങ്കിലും മഞ്ഞിന് മുകളിൽ വരുമ്പോൾ ആക്രമിച്ചു കീഴ്പെടുത്തും ഇതാണ് ഇവയുടെ രീതി... ചില സമയങ്ങളിൽ ഒരു ദിവസത്തിൽ കൂടുതൽ ഇങ്ങനെ ഇവ ഒരേ നിൽപ്പ് നിൽക്കാറുണ്ട് .... ഇവയുടെ പ്രധാന ഭക്ഷണം 'കടൽ സീൽ' ആണ്., ലഭ്യതയുടെ കുറവും, പിന്തുടർന്ന് ആക്രമിക്കാൻ ഉള്ള ബുദ്ധിമുട്ടും കാരണം., (ഇവയെ കണ്ടാൽ ഉടൻ ' സീൽ ' കടലിനടിയിലേക്കു നീന്തി രക്ഷപെടും) ആഹാരം കണ്ടുപിടിക്കുക ഇവക്കു ശ്രമകരമായ ജോലിയാണ് ദിവസേന 50 മുതൽ 100 കിലോമീറ്റര് വരെ നീന്തിയാണ് ഇവ ആഹാരം കണ്ടുപിടിക്കുന്നത് (തുടർച്ചയായി 680 കിലോമീറ്ററോളം നീന്തിയ ധ്രുവക്കരടിയുടെ പേരിലാണ് ഇവരിലെ നീന്തൽ റെക്കോർഡ്) ... തണുപ്പ് ചെറുക്കുന്നതിനായി വളരെയേറെ കട്ടിയുള്ള പുറംതൊലിയാണ് ഇവക്കുള്ളത്... അന്തരീക്ഷ താപനില -45 ഡിഗ്രിയിൽപോലും ശരീര ഊഷ്മാവ് 37 ഡിഗ്രിയിൽ നിലനിർത്താൻ ഇവക്കു കഴിയും...
കുറച്ചു നേരം കപ്പലിനുചുറ്റും കറങ്ങിയിട്ടു., ഒന്നും കിട്ടാത്തിൽ പ്രതിക്ഷേധിച് ഞങ്ങളെ നോക്കി ചെറിയ രീതിയിൽ അലറിയിട്ടു ഭക്ഷണം അന്വേഷിച്ചു അവർ അവരുടെ യാത്ര തുടർന്നു ... ഞങ്ങൾ ഞങ്ങളുടെ ലക്ഷ്യത്തിലേക്കും... അന്നേദിവസം തന്നെ ഉച്ചക്ക് ശേഷം വീണ്ടും ഞങ്ങൾക്ക് അറിയിപ്പ് കിട്ടി., ഇത്തവണ അമ്മയും ഒരു വയസ്സുപോലും പ്രായമാകാത്ത 2 കരടി കുഞ്ഞുങ്ങളുമായിരുന്നു ഞങ്ങൾക്ക് മുന്നിൽ.. കുറുമ്പുകാട്ടിയും തമ്മിൽ അടി കൂടിയും എന്നാൽ 'അമ്മ നോക്കുന്ന മാത്രയിൽ തന്നെ വളരെ നല്ലകുട്ടികളായി അമ്മയുടെ അടുത്തേക്ക് ഓടി എത്തുന്ന കുഞ്ഞുങ്ങൾ , കാണേണ്ട കാഴ്ച തന്നെയാണ് .... ഏകദേശം പത്തു മിനിറ്റോളം അവയുടെ അടുത്ത് നിന്ന ശേഷം ഞങ്ങൾ വീണ്ടും യാത്ര തുടർന്നു ...
അന്ന് രാത്രിയോടെ കപ്പൽ കട്ടികൂടിയ മഞ്ഞുപാളികളിലേക്കു പ്രവേശിച്ചു തുടങ്ങി...നാലുവശവും തണുത്തുറഞ്ഞ വിള്ളലുകൾ ഇല്ലാത്ത കോൺക്രീറ്റ് ചെയ്തപോലെ കിടക്കുന്ന മഞ്ഞുപാളി (ഇതിനെ ARCTIC OCEAN CAP എന്നാണ് അറിയപ്പെടുന്നത് ) ഞങ്ങൾക്ക് സഞ്ചരിക്കേണ്ട ദൂരത്തിന്റെ പകുതി പോലും എത്തിയിരുന്നില്ല അപ്പോൾ., കപ്പലിന്റെ വേഗത 8 നോട്ടിക്കൽ മൈൽ നും താഴെ ആയി... മഞ്ഞുപാളികൾ നിർദാക്ഷിണ്യം കീറിമുറിച്ചും ചതച്ചരച്ചും കപ്പൽ അതിന്റെ മുന്നോട്ടുള്ള പ്രയാണം തുടര്ന്നു കൊണ്ടിരുന്നു .. ഭീമാകാരമായ മഞ്ഞുപാളികൾ കപ്പലിന്റെ രണ്ടു വശത്തും ഉയർന്നു പൊങ്ങിക്കൊണ്ടിരുന്നു ... കപ്പലിനുള്ളിൽ ഇതിന്റെ പ്രകമ്പനം വ്യക്തമായി അറിയാൻ സാധിക്കും., ചിലപ്പോൾ കപ്പൽ നന്നായി കുലുങ്ങുകയും അടി ഉലയുകയും ചെയ്തു...
പിറ്റേ ദിവസം രാവിലെയും ഇതുതന്നെയായിരുന്നു അവസ്ഥ .. നാലുചുറ്റും മഞ്ഞുമാത്രം... കപ്പൽ മഞ്ഞുപാളികളിലൂടേ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ചുകൊണ്ടു സമയം ചിലവഴിച്ചു., പുറത്തെ അതി കഠിനമായ തണുപ്പും കാറ്റും കാരണം അധിക നേരം നില്ക്കാൻ വയ്യാത്ത അവസ്ഥ .. ഉച്ച കഴിഞ്ഞപ്പോൾ കാറ്റു കുറഞ്ഞു .. ഹെലികോപ്റ്റർ റൈഡിങ്ങിനുള്ള അവസരം തയ്യാറാണെന്ന് അറിയിപ്പ് വന്നു .. അഞ്ചു പേരെയാണ് ഹെലികോപ്റ്ററിൽ ഉൾക്കൊള്ളാൻ പറ്റുക ., ഓരോ ഗ്രൂപ്പിനും 15 മിനിറ്റ് യാത്ര ലഭിക്കും... കപ്പൽ അതിന്റെ സഞ്ചാരം തുടർന്നുകൊണ്ട് ഇരിക്കും .. അപ്പോൾ തന്നെയാണ് ഹെലികോപ്റ്റർ TAKE OFF ചെയ്യുന്നതും LAND ചെയ്യുന്നതും .. ഞങ്ങളുടെ ഊഴമായി, പുറകിലെ സീറ്റിലാണ് ഞങ്ങൾക്ക് അവസരം കിട്ടിയത് വളരെ സിമ്പിൾ ആയി സൈക്കിൾ ഓടിക്കുന്ന ലാഘവത്തോടെ പൈലറ്റ് ഹെലികോപ്റ്റർ ടേക്ക് ഓഫ് ചെയ്തു., കപ്പലിന് ചുറ്റും ഹെലികോപ്റ്റർ 4 തവണ വട്ടമിട്ടു പറന്നു 2 തവണ അടുത്ത് കൂടെയും 2 തവണ വളരെ ദൂരത്തിലൂടെയും., കപ്പൽ മഞ്ഞുപാളികളെ കീറി മുറിച്ചുകൊണ്ട് പോകുന്ന കാഴ്ച വളരെ മനോഹരമായി കാണാൻ കഴിയും.. കിട്ടിയ സമയത്തു ചിത്രങ്ങൾ എടുത്തു ... 15 മിനിറ്റ് 15 സെക്കന്റ് പോലെ കടന്നു പോയി .... ഹെലികോപ്റ്റർ തിരിച്ചു., സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കപ്പലിന്റെ നിർദിഷ്ട സ്ഥാനത്തു യാതൊരു ബുദ്ധിമുട്ടും കൂടാതെ വളരെ പെട്ടന്ന് തന്നെ ലാൻഡ് ചെയ്തു...
അന്ന് ഉച്ചക്കുശേഷം കപ്പലിന്റെ CHIEF ENGINEER ഞങ്ങൾക്ക് കപ്പലിനെയും അതിന്റെ പ്രവർത്തനങ്ങളെയും കുറിച്ച് വളരെ വിശദമായ വിവരണവും കപ്പലിന്റെ എൻജിൻ റൂമും മറ്റു പ്രവർത്തനങ്ങളും കാണാൻ ഉള്ള അവസരവും അനുവദിച്ചു ....
ലോകത്തിലെ ഏറ്റവും വലുതും ശക്തികൂടിയതുമായ ICE BREAKER കപ്പലാണ് ഇത് 2007 ൽ ആണ് ഇത് പൂർണമായി പ്രവർത്തന സജ്ജമാകുന്നത് ., രണ്ടാം ലോക മഹായുദ്ധത്തിൽ ജെർമനിയുടെ നാസി പടയെ കീഴടക്കിയതിന്റെ അൻപതാം വാർഷിക ആഘോഷങ്ങളുടെ ഓർമ്മക്കായാണ് കപ്പലിന് "50 LET POBEDDY" ("50 YEARS OF VICTORY" in ENGLISH) എന്ന പേര് നൽകിയത് .. 159 മീറ്റർ നീളവും 30 മീറ്റർ വീതിയും 45 മീറ്റർ ഉയരവും ഉള്ള കപ്പലിന്റെ ഡ്രാഫ്റ്റ് 11 മീറ്റർ ആണ് (കപ്പലിന്റെ വെള്ളത്തിന് അടിയിലേക്കുള്ള ഭാഗത്തെ അളവ്)., 54 മില്ലിമീറ്റർ കനമുള്ള സ്റ്റീൽ പാളികൾ ഉപയോഗിച്ച് ഇരട്ട ചേംബർ ആയാണ് കപ്പലിന്റെ പുറം പാളി നിർമിച്ചിരിക്കുന്നത്., ഏറ്റവും പുറമെ സ്റ്റൈൻലെസ്സ് സ്റ്റീൽ കൊണ്ടുള്ള പുറം ചട്ടയും. മൂന്ന് ഭീമാകാരമായ പ്രൊപ്പല്ലറുകളാണ് കപ്പലിനെ മുന്നോട്ടു ചലിപ്പിക്കുന്നത് (ഇതിന്റെ 3 SPARE പ്രൊപ്പല്ലർ കപ്പലിന്റെ ഡെക്കിൽ സൂക്ഷിച്ചിരിക്കുന്നു ., അത്യാവശ്യ ഘട്ടങ്ങളിൽ കടലിൽ വച്ച് തന്നെ പ്രൊപ്പല്ലറുകൾ മാറ്റാനുള്ള സംവിധാനവും അതിനുവേണ്ട ഡൈവർ ജോലിക്കാരുമായാണ് ആയാണ് കപ്പൽ സഞ്ചരിക്കുന്നത്)
25,000 ടൺ ആണ് കപ്പലിന്റെ ഭാരം., യുറേനിയം ഇന്ധനമായി ഉപയോഗിക്കുന്ന രണ്ടു ആണവ റിയാക്ടറുകളാണ് ഇതിനു കരുത്തു പകരുന്നത് .. 74,000 HORSE POWER ആണ് കപ്പലിന്റെ ശക്തി., 5 മീറ്റർ വരെ കട്ടി ഉള്ള മഞ്ഞുപാളികൾ കീറിമുറിച്ചു കൊണ്ട് യാത്ര ചെയ്യാൻ ഇതിനു കഴിയും ., ഇതിന്റെ ഐസ് ക്ളാസ് റേറ്റിംഗ് "LL-1" ആണ് (Highest Possible Rating ആണ് LL-1) ., പരമാവധി വേഗത 20 നോട്ടിക്കൽ മൈൽ., ഒരു ദിവസത്തെ പരമാവധി ഇന്ധന ഉപയോഗം 200 ഗ്രാം ആണ് അതിനാൽ ഒരിക്കൽ ഇന്ധനം നിറച്ചു കഴിഞ്ഞാൽ 5 വര്ഷം കഴിഞ്ഞു മാത്രമേ പിന്നെ ഇന്ധനത്തെ കുറിച്ച് ചിന്തിക്കേണ്ട അവസ്ഥ ഉള്ളൂ... ചോദ്യങ്ങളോട് എല്ലാം വളരെ വ്യക്തതയോടെ ഉള്ള മറുപടികൾ ഞങ്ങൾക്ക് ലഭിച്ചു ... രണ്ടു റിയാക്ടറും എപ്പോഴും പ്രവർത്തന സജ്ജമായിരിക്കും പക്ഷെ പരമാവധി രണ്ടു റിയാക്ടറിന്റെയും 70% ൽ കൂടുതൽ ശക്തി ഉപയോഗിക്കേണ്ട വശ്യം കപ്പലിന് വരാറില്ല (ഞങ്ങളുടെ യാത്രയിൽ ഏറ്റവും കട്ടികൂടിയ മഞ്ഞുപാളികളിലൂടെ കടന്നു പോയപ്പോൾ പോലും ഒരു റിയാക്ടർ 60% വും മറ്റേതു 40% വും ആണ് പ്രവർത്തിച്ചിരുന്നത്)., അതുപോലെ കപ്പലിലെ TURBINES, GENERATOR, കടൽ വെള്ളം ശുദ്ധീകരിക്കുന്ന DE-SALINATOR എന്നീ യന്ത്രങ്ങളെക്കുറിച്ചും ഞങ്ങൾക്ക് വിവരണങ്ങൾ ലഭിച്ചു.. ഇവയെല്ലാം തന്നെ ഒന്നിൽ കൂടുതൽ കപ്പലിൽ ഉണ്ടായിരുന്നു (ഒരെണ്ണം പ്രവർത്തനം നിലച്ചാൽ പോലും മറ്റേതു ഉപയോഗിച്ചു കപ്പലിന് സഞ്ചരിക്കാനും സുരക്ഷിതമായി തിരിച്ചു പോർട്ടിൽ ഏതാനും സാധിക്കുന്ന വിധമാണ് കപ്പലിന്റെ നിർമാണവും പ്രവർത്തനവും).. 4 മാസം കടലിൽ കഴിയാൻ വേണ്ട എല്ലാ സംവിധാനങ്ങളും ഈ കപ്പലിൽ ഇപ്പോഴും സജ്ജമായിരിക്കും) - ദേശീയ സുരക്ഷാ നയം കാരണം ആണവ റിയാക്ടർ ഒഴിച്ച് മറ്റെല്ലാ സ്ഥലങ്ങളിലും ഞങ്ങൾക്ക് പ്രവേശം അനുവദിക്കുകയും പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കാനും കഴിഞ്ഞു., ഏതാണ്ട് എല്ലാ യന്ത്ര ഭാഗങ്ങളും കപ്പലിന്റെ താഴത്തെ ഡെക്കിൽ ആണ് അതായത് കടൽ നിരപ്പിനു താഴെ...
യാത്രക്കിടയിൽ 3-4 തവണ ധ്രുവ കരടികൾ വീണ്ടും ദർശനവുമായി എത്തിയിട്ടുണ്ടായിരുന്നു., പിറ്റേന്ന് രാവിലെ കപ്പൽ അതിന്റെ ഏറ്റവും ദുര്ഘടമായ അവസ്ഥ നേരിട്ടു .. 2.5 മീറ്ററിൽ അധികം കട്ടിയുള്ള വലിയ മഞ്ഞുപാളികളുടെ സംഗമസ്ഥാനത്തു പലപ്പോഴും കപ്പലിന് മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥ വന്നു .. അപ്പോൾ കപ്പലിന് പിന്നോട്ട് എടുക്കുകയും എന്നിട്ടു കൂടുതൽ ശക്തിയോടെ വീണ്ടും മുന്നോട്ടു പോകുകയോ അല്ലെങ്കിൽ ദിശ മാറി പോകുകയോ ചെയ്യേണ്ടിവന്നു (വലിയ മഞ്ഞു പാളികൾ എതിർ ദിശയിൽ ഉള്ള ശക്തമായ കാറ്റു കാരണം തമ്മിൽ കൂട്ടിയിടിച്ചു വളരെ ശക്തിയേറിയ ഒരു JOINT ഉണ്ടാക്കുന്നു "PRESSURE RIDGES" എന്നാണ് ഇവ അറിയപ്പെടുന്നത്) - കപ്പലിലെ ചൈനക്കാർ ഒഴികെ മറ്റെല്ലാവരും ഒരു കുടുംബം പോലെ ആയിക്കഴിഞ്ഞിരുന്നു (ചൈനക്കാർ ഇപ്പോഴും അങ്ങിനെ ആണ് അവര് അവരുടെ ആൾക്കാരുമായി മാത്രമേ കൂട്ടുകൂടുകയുള്ളൂ) ലോകത്തിലെ ഏതു സ്ഥലത്തെയും പോലെ കപ്പലിലെയും ഏറ്റവും തിരക്കേറിയ സ്ഥലം 'BAR' തന്നെ ആയിരുന്നു പോരാത്തതിന് എല്ലാ ദിവസവും 'LIVE BAND' ഉം പാട്ടും., ഞാൻ ഡീസന്റ് ആയതു കാരണം, എല്ലാ ദിവസവും ബാർ അടക്കുന്നത് വരെ അവിടെ ചിലവഴിക്കാൻ പോയില്ല .....
അന്ന് രാത്രി അറിയിപ്പ് വന്നു "89 ഡിഗ്രി നോർത്ത്" പിന്നിട്ടു കഴിഞ്ഞു ഇനി വെറും "ഒരു ഡിഗ്രി" മാത്രം അതായതു 60 നോട്ടിക്കൽ മൈൽ., കപ്പലിന്റെ അപ്പോഴത്തെ വേഗത 6 -8 നോട്ടിക്കൽ മൈൽ., കാറ്റിന്റെ ദിശ മഞ്ഞുപാളികളുടെ കട്ടി ഇവക്കനുസരിച്ചു അടുത്ത 12 മണിക്കൂറിനുള്ളിൽ എപ്പോൾ വേണമെങ്കിലും 90 ഡിഗ്രി നോർത്ത് എന്ന പോയിന്റിലേക്കു എത്താം... പക്ഷെ അത് അത്ര എളുപ്പം അല്ലെന്നും ഇതിനു മുൻപ് പല തവണ കപ്പലിന് പൂർണമായും 90'00'000 N എന്ന പോയിന്റിൽ എത്തി ചേരാൻ കഴിഞ്ഞിട്ടില്ലെന്നും അതിന്റെ വിശദാംശങ്ങളും ചോദിച്ചു മനസ്സിലാക്കി.
കപ്പലിൽ സ്ഥാപിച്ചിരിക്കുന്ന GPS സംവിധാനം MILITARY GRADE ആണ്., സൂക്ഷ്മത ഏറ്റവും കൂടിയ നാവിഗേഷൻ ഉപകരണങ്ങൾ ആണ് ഇവ., അമേരിക്കൻ സിസ്റ്റമായ GPS, റഷ്യൻ സിസ്റ്റം ആയ GLONASS എന്നിവയാണ് കപ്പലിൽ ഉള്ളത്.. 90'00'000 എന്ന പോയിന്റിനെ വിസ്തൃതി പരമാവധി 1 മുതൽ 2 സെന്റിമീറ്റർ വരെയേ ഉള്ളൂ ., കപ്പലിന്റെ GPS പോയിന്റ് സെറ്റ് ചെയ്തിരിക്കുന്നത് കപ്പലിന്റെ "BOW HEAD" ൽ ആണ് (കപ്പലിന്റെ മുന്നിലെ ഫ്ലാഗ് സ്ഥിതി ചെയ്യുന്ന സ്ഥലം) - നമ്മൾ യാത്ര ചെയ്തുകൊണ്ടിരിക്കുന്ന ആർട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികൾ കാറ്റിന് അനുസരിച്ചു സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു ., കപ്പൽ മഞ്ഞുപാളികളെ കീറിമുറിച്ചു അതിനു നടുവിലൂടെയും ...
90'00'000' N എന്ന പോയിന്റിൽ എത്താൻ വേണ്ട കണക്കുകൂട്ടലും കപ്പലിന്റെ നിയന്ത്രവും എല്ലാം 'MANUAL' ആയാണ് ചെയ്യുന്നത്., കാറ്റിന്റെ വേഗതയിലോ, മഞ്ഞുപാളികളുടെ സഞ്ചാരത്തിലെയോ ഏറ്റക്കുറച്ചിലുകൾ കൂടിയാൽ കപ്പലിന്റെ 'BOW HEAD' നു 90'00'000' എന്ന പോയിന്റ് നഷ്ടമാകുകയും., ഒരു തവണ പോയിന്റ് നഷ്ടമായാൽ പിന്നെ വീണ്ടും പുറകിലേക്ക് സഞ്ചരിച്ചു കണക്കുകൂട്ടലുകൾ വീണ്ടും നടത്തി പിന്നെയും ശ്രമിക്കേണ്ടിയും വരും...
ജൂൺ 20 നു രാവിലെ ആയപ്പോൾ ഇനിയും ഒരുപാടു ദൂരം പോകാൻ ഉണ്ടെന്നും ശക്തമായ കാറ്റും 3 മീറ്റർ കട്ടിയുള്ള മഞ്ഞു പാളികളും കാരണം കപ്പലിന് വേഗത കുറക്കേണ്ടി വന്നു എന്നും അറിഞ്ഞു .. ഉച്ചയാകാറായപ്പോൾ അടുത്ത 30 മിനുട്ടിനുള്ളിൽ നമ്മൾ എത്തിച്ചേരും എന്ന അറിയിപ്പ് കിട്ടി.. ഞങ്ങൾ കപ്പലിന്റെ ഡെക്കിലേക്കു നടന്നു., എന്റെ മൊബൈൽ ഓൺ ചെയ്തു അതിലെ GPS ആപ്പ്ളിക്കേഷനിൽ COORDINATES ചെക്കു ചെയ്തുകൊണ്ടിരുന്നു (ഇനി ഇവന്മാർ നമ്മളെ പറ്റിക്കുക ആണോ എന്ന് അറിയണമല്ലോ !!) ., ഞാൻ മാത്രമല്ല കുറെ യാത്രക്കാർ പല തരത്തിലുള്ള GPS ഉപകരണങ്ങൾ വച്ച് COORDINATES ചെക്ക് ചെയ്യുന്നുണ്ടായിരുന്നു ,,, ഇനി 50 മീറ്റർ ... കപ്പലിൽ നിന്നും അറിയിപ്പ് വന്നു., കപ്പലിന്റെ ഡെക്കിൽ ചൈനക്കാർ അവരുടെ കൊടിയും തോരണങ്ങളും ആയി അലമ്പു തുടങ്ങി --- കുറച്ചു നിമിഷങ്ങൾക്ക് ശേഷം കപ്പൽ സൈറൺ മുഴക്കി .. 90'00'000' NORTH എന്ന മാജിക് പോയിന്റിൽ കപ്പൽ എത്തി ചേർന്നതായി അറിയിപ്പും ലഭിച്ചു... ഞാൻ നിന്ന പൊസിഷനിൽ എന്റെ മൊബൈൽ 89' 99' 9925 എന്ന റീഡിങ് വരെ എത്തി. (90' NORTH നു ഒരു മീറ്റർ ദൂരെ ) ചൈനക്കാരുടെ തള്ളിക്കയറ്റം കാരണം എനിക്ക് BOW POINT ൽ എത്താൻ കഴിഞ്ഞിരുന്നില്ല., BOW POINT ൽ നിന്ന ഏതാണ്ട് എല്ലാര്ക്കും 90' N എന്ന റീഡിങ്സ് അവരുടെ ഉപകരണങ്ങളിൽ ലഭിച്ചു..... കുറച്ചു നിമിഷങ്ങൾക്ക് ശേഷം ഡെക്കിന്റെ ഇടതുഭാഗത്തായി എനിക്കും 90' N ലഭിച്ചു.
കപ്പലിന്റെ BOW DECK ൽ ഷാംപൈൻ പാർട്ടിയും ആഘോഷങ്ങളും തുടങ്ങി ....- ക്യാപ്റ്റൻ കപ്പൽ കുറച്ചു സൈഡിലേക്ക് മാറ്റി നിർത്തി .. ചുറ്റുമുള്ള മഞ്ഞുപാളികൾ നമുക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ പറ്റുന്നവ ആണെന്ന് ഉറപ്പിക്കാനായി ആദ്യം കപ്പലിലെ ജീവനക്കാർ കപ്പലിന് മുകളിൽ നിന്നും., പിന്നെ ഹെലികോപ്റ്റർ ഉപയോഗിച്ചും താഴെ ഇറങ്ങിയും പരിശോധിച്ചു., അവസാനമായി 7 ടൺ വീതം ഭാരം ഭാരം ഉള്ള കപ്പലിന്റെ 2 നങ്കൂരങ്ങൾ താഴേക്കിട്ടു .. അവ രണ്ടും മഞ്ഞുപാളികളിൽ കുറച്ചു തുളഞ്ഞു കയറി നിന്നു .... (ഇതിൽ നിന്നും മഞ്ഞു പാളികൾ ശക്തവും സുരക്ഷിതവും ആണെന്ന് മനസ്സിലായി) -
കപ്പൽ ജീവനക്കാർ താഴെ ഇറങ്ങി തുടങ്ങി, ആദ്യമേ തന്നെ "RUSSIAN POLAR GUARDS" താഴെ ഇറങ്ങി വളരെ വിസ്തൃതമായ പ്രദേശത്തിന്റെ 4 മേഖലകളിലായി നിൽപ്പുറപ്പിച്ചു ., ഓരോരുത്തരും പല റേഞ്ചിൽ ഉള്ള 3 തോക്കുകൾ വീതം കൂടെ കരുതിയിരുന്നു. ധ്രുവ കരടികൾ പ്രത്യക്ഷപ്പെട്ടാൽ അവയെ നേരിടുകയും നമ്മളെ സംരക്ഷിക്കുകയും ചെയ്യുക എന്നുള്ളതാണ് ഇവരുടെ ജോലി . മറ്റുള്ള കപ്പൽ ജോലിക്കാർ താഴെ 'BARBECUE" ചെയ്യാനുള്ള സംവിധാനങ്ങളും കപ്പലിന് പുറകിൽ മഞ്ഞുമാറി വെള്ളം ഉള്ള സ്ഥലത്തു 'നീന്തൽ" സൗകര്യങ്ങളും ഒരുക്കാനുള്ള ജോലികൾ ആരംഭിച്ചു..
ഒരു മണിക്കൂറിനു ശേഷം ഞങ്ങൾക്ക് താഴെ എത്താനുള്ള അനുമതി ലഭിച്ചു... ആദ്യമേ തന്നെ ക്യാപ്റ്റൻ ഞങ്ങളോട് "NORTH POLE" ഫലകത്തിനു ചുറ്റും വൃത്താകൃതിയിൽ കൈകൾ കോർത്തിണക്കി നിൽക്കാനും ലോകത്തിന്റെ ശാന്തിക്കും സമാധാനത്തിനും വേണ്ടി ഒരു മിനിറ്റ് മൗനം ആചരിക്കുവാനും അഭ്യർത്ഥിക്കുകയും അദ്ദേഹവും പങ്കു ചേരുകയും ചെയ്തു., അതിനു ശേഷം "NORTH POLE" ഫലകത്തിനു ചുറ്റും വൃത്താകൃതിയിൽ ഞങ്ങൾ ഒരു വലം വച്ചു "ലോകം മൊത്തം ചുറ്റി കറങ്ങാൻ ഉള്ള ഏറ്റവും കുറഞ്ഞ ദൂരവും ഏറ്റവും എളുപ്പ വഴിയും ആണ് ഇത്" - (മാഗല്ലൻ ഒക്കെ വെറുതെ സമയം കളഞ്ഞു !!!)
സാഹസികത താല്പര്യമുള്ളവർ കപ്പലിന്റെ പിന്നിലേക്ക് വരാൻ ഉള്ള അറിയിപ്പ് വന്നു "POLAR PLUNGE" മൈനസ് 3 ഡിഗ്രി വെള്ളത്തിലേക്ക് നീന്താൻ ഉള്ള അവസരം... അകെ 120 പേരുള്ളതിൽ 23 പേര് തയ്യാറായി.. ഞാൻ ആയിരുന്നു മൂന്നാമൻ ഡ്രസ്സ് മാറ്റിയപ്പോഴേ ശക്തമായ കാറ്റു കാരണം തണുത്തു വിറങ്ങലിച്ചു ... ചാടിയിട്ടു വരുന്നവർക്ക് കൊടുക്കാൻ വച്ചിരിക്കുന്ന റഷ്യൻ വോഡ്ക ചോദിച്ചപ്പോൾ "ചാടിയിട്ടു വരാൻ " പറഞ്ഞു ... കപ്പൽ ജീവനക്കാർ ആദ്യം SAFETY BELT അരയിൽ ഘടിപ്പിച്ചു ... മഞ്ഞുപാളിയിൽ നിന്നും വെള്ളത്തിലേക്ക് നേരെ ഡൈവ് ചെയ്തു.... കപ്പലിന് നടുവിലായി ആണ് വെള്ളത്തിൽ പൊന്തിയത് ... താഴെ 4200 മീറ്റർ താഴ്ച ഉള്ള ആർട്ടിക് സമുദ്രം ., പക്ഷെ ചവാൻ അത്രയും താഴെ ഒന്നും പോണ്ട ഒരു 2 മിനിറ്റ് ആ തണുത്ത വെള്ളത്തിൽ നിന്നാൽ മതിയെന്ന് പെട്ടന്ന് മനസ്സിലായി... തിരിച്ചു നീന്തി തുടങ്ങി., പണി പാളി .... തണുത്ത വെള്ളം കാരണം കണ്ണ് കാണാൻ വയ്യ, ഉദ്ദേശം വച്ച് നീന്തി എത്തിയത് ഞങ്ങളുടെ ഫോട്ടോ എടുക്കുക ആയിരുന്ന കപ്പലിലെ ഫോട്ടോ ഗ്രാഫറുടെ അടുത്തേക്കായിരുന്നു... അവിടെ നിന്നും വീണ്ടും നീന്തി മുകളിൽ കയറി .. ബെൽറ്റ് കെട്ടി തന്ന കപ്പൽ ജീവനക്കാരൻ എന്നെ പിടിച്ചു കയറ്റി 'WELL DONE" പറഞ്ഞപ്പോഴാണ് ചത്തില്ല ഭൂമിയിൽ തന്നെ ആണെന്ന് മനസ്സിലായത് ... ഒന്നിന് പകരം രണ്ടു വോഡ്ക ഡ്രൈ അടിച്ചു (തീ കലക്കി തന്നാലും കുടിക്കും അതായിരുന്നു അവസ്ഥ).. ഷൂവും കാലിൽ ഇട്ടു ജാക്കറ്റും മൂടി നേരെ കപ്പലിലേക്ക് ഓടി..... (23 പേരുള്ളതിൽ ഞങ്ങൾ 3 പേര് മാത്രമേ നീന്തിയുള്ളൂ ബാക്കി എല്ലാപേരും വെള്ളത്തിലേക്ക് വെറുതെ ചാടുകയും തിരിച്ചു കയറുകയും ആയിരുന്നു)
താഴെ എല്ലാരും NORTH POLE നു ചുറ്റും ഫോട്ടോ എടുക്കുന്ന തിരക്കിൽ ആയിരുന്നു, ചൈനക്കാർ അവരുടെ ഫ്ലാഗും ആഘോഷങ്ങളും ആയി ശല്യമായി തുടങ്ങി., (രണ്ടു മലയാളികൾ കൂടെ ഉണ്ടായിരുന്നേൽ നമ്മൾ ഇതിനു അപ്പുറം കാണിച്ചേനെ എന്ന് ഓർത്തു സമാധാനിച്ചു) . അവസാനം നമ്മുടെ അഹങ്കാരമായ ത്രിവർണ്ണ പതാക ചേർത്തുപിടിച്ചു ഭൂമിയുടെ ഏറ്റവും മുകളിൽ നിന്നു...... "ലോകം ഞങ്ങളുടെ കാൽകീഴിൽ" ........ നിൽക്കുന്നത് 4200 മീറ്ററിലധികം താഴ്ച്ചയുള്ള ആർട്ടിക് സമുദ്രത്തിനു മുകളിൽ ..... എങ്ങോട്ടു നോക്കിയാലും അത് തെക്കു ദിശയിലേക്കു മാത്രം ... മനസ്സിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷവും... മകൾ കൂടെയില്ല എന്നുള്ള വിഷമവും ..... ഇനി ഒരിക്കൽ കൂടി ഇങ്ങോട്ടു ഒരു വരവ് ഉണ്ടാകാത്തതിനാൽ ., ഭൂമിക്കു ചുറ്റും ഒന്നുകൂടി കറങ്ങി... (ഭൂമിയെ 2 തവണ ചുറ്റിവന്നവനാണ് ഈ ഞാൻ, എന്ന് പറയാമല്ലോ ...)., കപ്പലിന് താഴെ ഡിന്നർ റെഡി ആയി... മഞ്ഞുപാളികൾക്ക് മുകളിൽ സ്ഥാപിച്ച തന്തൂരി അടുപ്പിൽ പാചകം ചെയ്ത പല വിധത്തിലുള്ള വിഭവങ്ങൾ റഷ്യൻ പാട്ടിന്റെ അകമ്പടിയോടെ ഡാൻസും പാട്ടുമായി യാത്രക്കാർ ആസ്വദിച്ചു ...
ആദ്യമായി ഒരു മനുഷ്യൻ 90' NORTH എന്ന പോയിന്റിൽഎത്തുന്നത്, 1908 ഏപ്രിലിൽ ഫ്രഡറിക് കുക്ക് , 1909 ഏപ്രിലിൽ റോബർട്ട് പിയറി എന്നിവരിൽ ഒരാളാണ് (തർക്കങ്ങൾ ഇപ്പോഴും നില നിൽക്കുന്നു) .,
1971 ൽ ആണ് ആദ്യമായി ഒരു കപ്പൽ നോർത്ത് പോളിൽ എത്തുന്നത്, പഴയ സോവിയറ്റ് യൂണിയന്റെ ആണവ ഐസ് ബ്രേക്കർ കപ്പലായ "ARCTIKA" ആയിരുന്നു അത്.,
20 ജൂൺ 2017 ൽ നോർത്ത് പോളിൽ എത്തിയ ഞങ്ങളുടെ യാത്ര 128 മതായി ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്., ഇതുവരെ ഇവിടെ എത്തിയ ആളുകളുടെ എണ്ണം 11,000 ൽ അധികം വരും ....
ഇതൊക്കെ വായിക്കുമ്പോൾ ഈ കപ്പലും യാത്രയും ഒക്കെ എന്തോ വല്യ സംഭവം ആണെന്ന് നിങ്ങള്ക്ക് തോന്നാം, എന്നാൽ ജപ്പാൻകാരനായ "ഷിൻജി കസമ " 1987 ൽ NORTH POLE ലും 1992 ൽ SOUTH POLE ലും മോട്ടോർ സൈക്കിളിൽ എത്തിയിട്ടുണ്ട് .. പിന്നെ MOUNT FUJI, ആഫ്രിക്കയിലെ ഏറ്റവും വലിയ പർവതമായ KILIMANJARO, നമ്മുടെ EVEREST ഇവിടെയെല്ലാം കക്ഷി നേരത്തെ തന്നെ മോട്ടോർ സൈക്കിളിൽ പോയിട്ടുണ്ട് ..... (കൊല്ലത്തുനിന്നും കോട്ടയം വരെ ബൈക്കിൽ പോയിട്ട് FACEBOOK ൽ പോസ്റ്റ് ഇട്ടു തള്ളുന്ന ചേട്ടന്മാർക്കു സമർപ്പിക്കുന്നു)
ഇന്ത്യക്കാരായ 60 വയസ്സിനു മുകളിൽ പ്രായമുള്ള രണ്ടുപേർ കൂടി ഈ യാത്രയിൽ ഉണ്ടായിരുന്നു .. ഒഡിഷയിൽ നിന്നും ഡൽഹിയിൽ നിന്നും ഉള്ളവരായിരുന്നു അവർ., രണ്ടു പേരും ലോകം മൊത്തം കറങ്ങിയിട്ടുള്ളവരായിരുന്നു... അതിൽ ഒരാൾ യോഗ മാസ്റ്റർ ആയിരുന്നു., യാത്ര മദ്ധ്യേ കപ്പലിൽ വച്ച് നോർത്ത് പോളിൽ വച്ച് യോഗ ചെയ്യാൻ താല്പര്യം ഉള്ളവരെ തിരക്കുന്നുണ്ടായിരുന്നു., രണ്ടു തായ്വാൻകാരും രണ്ടു ജപ്പാൻ കാരും സമ്മതം അറിയിച്ചു.. പക്ഷെ "POLAR PLUNGE" ൽ കടലിൽ ചാടിയ മാസ്റ്ററെ പിന്നെ പിറ്റേദിവസം രാവിലെ ഭക്ഷണം കഴിക്കാൻ നേരമാണ് കണ്ടു കിട്ടിയത്.... വെള്ളത്തിൽ ചാടിയത് മാത്രമേ മാസ്റ്റർക്ക് ഓര്മയുള്ളൂ... എന്നാൽ ഒഡിഷക്കാരൻ നേരെ തിരിച്ചായിരുന്നു ., മൈനസ് 2 ഡിഗ്രി തണുപ്പിലും കാറ്റിലും കപ്പലിന് മുകളിലത്തെ തുറന്ന ഡെക്കിൽ വച്ച് നടന്ന ഡിന്നർ പാർട്ടിക്ക് 'SHORTS' ഉം ചെരുപ്പും ഇട്ടു വന്ന അയാൾ എല്ലാർക്കും അദ്ഭുതമായിരുന്നു ... (ഫോട്ടോ ഞാൻ കൊടുത്തിട്ടുണ്ട്)
രാത്രി 9 മണിയായപ്പോൾ ടൂർ ലീഡറിന്റെ അനൗൺസ്മെന്റ് വന്നു., ഒരു മണിക്കൂറിനു ശേഷം കപ്പൽ അതിന്റെ തിരിച്ചുള്ള യാത്ര ആരംഭിക്കും .. അതുകൊണ്ടു 45 മിനിറ്റ് കഴിയുമ്പോൾ എല്ലാരും തിരികെ കപ്പലിൽ എത്തണം എന്നായിരുന്നു അറിയിപ്പ് .... ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും കാരണം ഏതാണ്ട് എല്ലാരും അപ്പോൾ തന്നെ മടങ്ങി കപ്പലിൽ എത്തിയിരുന്നു....
രാത്രി 10 മണിക്ക് അതിന്റെ തിരികെയുള്ള യാത്ര ആരംഭിക്കാൻ പോകുന്നതായി അറിയിപ്പ് കിട്ടി., അതോടൊപ്പം ഞങ്ങളെ അമ്പരപെടുത്തിയ മറ്റൊരു വിവരവും.. കപ്പലിന്റെ ഇപ്പോഴത്തെ പൊസിഷൻ 89' 89' N., അതായതു ഞങ്ങൾ കപ്പൽ നിർത്തിയ പൊസിഷനിൽ നിന്നും 3.4 കിലോമീറ്റര് തെക്കോട്ടു മാറിയാണ് കപ്പലിന്റെ ഇപ്പോഴത്തെ പൊസിഷൻ., കഠിനമായ തണുപ്പ് കാരണം I PHONE ന്റെ ബാറ്ററി താഴെ വച്ച് മരിച്ചതിനാൽ., കപ്പലിന്റെ GPS റീഡിങ് നോക്കാൻ മുകളിലേക്ക് ഓടി., അവിടെ പോകേണ്ടി വന്നില്ല പുറത്തു ഒരുപാടു ആൾക്കാർ GPS മെഷീനുമായി ഉണ്ടായിരുന്നു.... ക്യാപ്റ്റൻ വിശദീകരണം തന്നു... ആര്ട്ടിക്കിലെ മഞ്ഞുപാളികളുടെ (MOVEMENT/DRIFTING) സഞ്ചാരം കാരണം ആണ് ഇത് സംഭവിച്ചത്... 25,000 ടൺ ഭാരമുള്ള കപ്പലിനെ മഞ്ഞുപാളികൾ തള്ളിക്കൊണ്ട് 3.5 കിലോമീറ്റർ ദൂരേക്ക് കൊണ്ടുപോയി .... വിശ്വസിക്കാൻ പറ്റാത്ത അനുഭവം ആയി പോയി...
കപ്പൽ വന്ന വഴിയേ പിറകോട്ടുപോയി.. വേഗതയിൽ സഞ്ചരിക്കാൻ മഞ്ഞുകട്ടകൾ പൊട്ടിച്ചിട്ട വന്നവഴി തന്നെ കപ്പൽ തിരഞ്ഞെടുത്തു... എന്നാൽ ICE DRIFTING കാരണം പലയിടങ്ങളിലും ദിശ മാറ്റേണ്ടി വന്നു.. പിറ്റേദിവസം ഉച്ചയോടെ വീണ്ടും ധ്രുവ കരടിയുടെ അറിയിപ്പ് കിട്ടി .. ഇത്തവണ അമ്മയും വെറും 4 മാസം പ്രായമായ 2 കുഞ്ഞുങ്ങളും ആയിരുന്നു... കുഞ്ഞുങ്ങൾ രണ്ടുപേരും സുഖമായി അമ്മയുടെ അടുത്ത് കിടന്നു ഉറങ്ങുന്നു 'അമ്മ ദൂരെ മാറി മഞ്ഞുകട്ടയുടെ അടിയിൽ ഉള്ള 'സീൽ" മുകളിലേക്ക് വരാൻ അക്ഷമയോടെ കാത്തു നിൽക്കുന്നു .... ഞങ്ങളെ കണ്ടപ്പോൾ അതിനു യാതൊരു ഭാവഭേദം ഇല്ല അക്ഷമയായി "BREATHING HOLE" (കടലിനു അടിയിലുള്ള സീൽ മഞ്ജു കട്ടകൾ തുറന്നാണ് മുകളിൽ ശ്വസിക്കാൻ വരുന്നത്., ഈ സുഷിരങ്ങളാണ് "BREATHING HOLE" ) നു കുറച്ചു മാറിയാണ് അതിന്റെ നിൽപ്പ്., കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ എടുക്കാനും അവയെ അടുത്ത് നിന്ന് കാണാനും കപ്പൽ കുറച്ചു കൂടി മുന്നോട്ടു എടുക്കാൻ യാത്രക്കാർ ആവശ്യപ്പെട്ടു., എന്നാൽ ക്യാപ്റ്റൻ സ്നേഹപൂർവ്വം അത് നിരാകരിച്ചു., കാരണം "ഇത് ധ്രുവ കരടിയുടെ ആവാസ സ്ഥലം ആണ്., നമ്മൾ ആണ് അവിടെ വലിഞ്ഞു കേറി ചെന്നത്., നമ്മൾ ഒരിക്കലും ഒരു പരിധിക്കു അപ്പുറം മറ്റുള്ള ജീവികളുടെ അടുത്തേക്ക് പോകുവാൻ പാടില്ല., തന്റെ കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ വേണ്ടി ആഹാരത്തിനായി ചിലപ്പോൾ ഒരു ദിവസമായി അത് ആ സീലിനുവേണ്ടി കാത്തു നിൽക്കുക ആകും., കപ്പൽ മുന്നോട്ടു എടുക്കുമ്പോൾ മഞ്ഞു പാളികൾ പൊളിയുകയും അത്കാരണം അവക്ക് ചിലപ്പോൾ തന്റെ ഇരയെ നഷ്ടപ്പെടുകയോ മഞ്ഞുകട്ടകളുടെ അഭാവം കാരണം അവിടെ നിന്നും പോകേണ്ടി വരികയോ ചെയ്യേണ്ടി വരും.. ക്യാപ്റ്റൻ പറഞ്ഞ കാര്യങ്ങൾ വളരെ പ്രാധാന്യമുള്ളതായി തോന്നി.... ഈ യാത്രയിൽ ഉടനീളം 15 ൽ അധികം ധ്രുവ കരടികളെ കാണാൻ കഴിഞ്ഞു .....
കപ്പൽ മുന്നോട്ടുള്ള യാത്ര തുടർന്ന്... റഷ്യയുടെ കാലാവസ്ഥ പര്യവേഷണ ദ്വീപാണ് അടുത്ത ലക്ഷ്യം .... യാത്ര മദ്ധ്യേ വളരെ വലിയ മഞ്ഞുകട്ടകളാൽ ചുറ്റപ്പെട്ട ദ്വീപിനു മുന്നിലേക്ക് കപ്പൽ അടുപ്പിച്ചു... മഞ്ഞു കട്ടകൾക്കു കപ്പലിനെക്കാളും 5 ഇരട്ടി എങ്കിലും ഉയരം വരും., മഞ്ഞുകട്ടകൾ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ക്യാപ്റ്റൻ കപ്പൽ അടുപ്പിച്ചു അതിനുശേഷം ആ ദ്വീപു മുഴുവൻ ഹെലികോപ്റ്ററിലൂടെ സഞ്ചരിച്ചു കാണാൻ ഉള്ള അവസരം ഞങ്ങൾക്കു ലഭിച്ചു..... പിറ്റേദിവസം വൈകുന്നേരം ഞങ്ങൾ റഷ്യയുടെ കാലാവസ്ഥ പര്യവേഷണ ദ്വീപിൽ എത്തി., ZODIAC എന്ന് വിളിപ്പേരുള്ള റബ്ബർ ബോട്ടുകൾ ഉപയോഗിച്ച് ഞങ്ങൾ തീരത്തു തീരത്തു എത്തുകയും ദ്വീപിൽ കുറച്ചു സമയം ചിലവഴിക്കുകയും ചെയ്തു... വളരെ അപൂർവമായി മാത്രം കാണുന്ന 'ARCTIC FOX' നെ ഇവിടെ കാണാൻ കഴിഞ്ഞു., ഭക്ഷണം ലഭിക്കാത്തതിനാൽ എല്ലും തോലും ആയി കഴിഞ്ഞിരുന്ന ആ പാവം ഞങ്ങളെ കണ്ട മാത്രയിൽ തന്നെ ദൂരേക്ക് ഓടി മറഞ്ഞു . തിമിംഗലങ്ങളെയും., രണ്ടു തരം കടൽ സീലുകളെയും ഇവിടെ ഞങ്ങൾക്ക് കാണാൻ പറ്റി
രാത്രിയോടെ അവിടെ നിന്നും തിരിച്ചു ഞങ്ങൾ 'MURMANSK' ലക്ഷ്യമാക്കി യാത്ര തുടങ്ങി., രാത്രി പ്രത്യേക റഷ്യൻ ഡിന്നറും കല പരിപാടികളും ഉണ്ടായിരുന്നു., പിറ്റേദിവസം ക്യാപ്ടനെ നേരിട്ട് സന്ദർശിക്കാനും സംസാരിക്കാനും ഉള്ള അവസരം ലഭിച്ചു., ക്യാപ്റ്റൻ 'DIMITRI LUBASOV' വളരെ സൗമ്യനും മിതഭാഷിയും ആയ വ്യക്തി., അദ്ദേഹം തന്റെ ജോലി തുടങ്ങുന്നത് തന്നെ ആണവ ഐസ് ബ്രേക്കർ കപ്പലിൽ ആണ്., ഇപ്പോൾ 30 വര്ഷം സർവീസ് പൂർത്തിയാക്കി., റഷ്യിലെ സുപ്രധാനമായ വലിയ ഒരു സ്ഥാനമാണ് ഈ കപ്പലിന്റെ ക്യാപ്റ്റൻ എന്ന പദവി., ഈ കപ്പലിന്റെ ആദ്യത്തെ നോർത്ത് പോളിലേക്കുള്ള സർവീസ് ആരംഭിച്ചത് ഇദ്ദേഹം ആയിരുന്നു... റഷ്യ ഇതിന്റെ ഇരട്ടി ശക്തി ഉള്ള മൂന്നു ഐസ് ബ്രേക്കറിന്റെ പണിപ്പുരയിൽ ആണെന്നും അതിലെ ആദ്യത്തേത് കഴിഞ്ഞ വര്ഷം ജൂണിൽ ലോഞ്ച് ചെയ്യുകയും 2019 ജൂണിൽ അത് യാത്രക്ക് സജ്ജമാകും എന്നും അദ്ദേഹം ഞങ്ങളെ അറിയിച്ചു ., അതോടൊപ്പം തന്നെ ആ കപ്പലിന്റെ ഒരു ചിത്രവും ഞങ്ങൾക്ക് കാണിച്ചു തന്നു., അദ്ദേഹത്തോടൊപ്പം ചായ കുടിച്ചു ഞങ്ങൾ പിരിഞ്ഞു.....
പിറ്റേന്ന് രാവിലെ ഞങ്ങൾ MURMANSK പോർട്ടിൽ എത്തി., ഇങ്ങോട്ടു വന്നതിൽ നിന്നും വിഭിന്നമായി ഞങ്ങൾക്ക് പോകാനുള്ള ബസ്സുകൾ കപ്പലിന്റെ പുറം വാതിലിനു തൊട്ടു അടുത്ത് വന്നു നിന്ന്., കപ്പലിൽ നിന്ന് നേരെ ബസ്സിലേക്ക്., ബസ്സ് ചെക്ക് പോസ്റ്റിൽ എത്തിയപ്പോൾ ഉദ്യോഗസ്ഥർ ബസ്സിന് അകത്തു കയറി എല്ലാരേയും എന്നി നോക്കി പുറത്തുപോയി., ബസ്സ് നേരെ 'MURMANSK' AIRPORT ലേക്ക് അവിടെ നിന്നും ഞങ്ങൾ നേരെ മോസ്കോയില്ലേക് പോയി., അവിടെ രണ്ടു പകലും ഒരു രാത്രിയും തങ്ങി., ക്രെംലിനും റെഡ് സ്ക്വയറും ഒക്കെ സന്ദർശിച്ചു പിറ്റേ ദിവസം രാത്രിയോടെ ഞങ്ങൾ ദുബായിലേക്ക് യാത്ര തിരിച്ചു....

Courtesy : Sajith Kumar

Antarctica Malayalam Blog

Antarctica Malayalam Blog

Antarctica Malayalam Blog

Antarctica Malayalam Blog

Antarctica Malayalam Blog

Antarctica Malayalam Blog

Antarctica Malayalam Blog

Antarctica Malayalam Blog

Antarctica Malayalam Blog

Antarctica Malayalam Blog

Antarctica Malayalam Blog

Antarctica Malayalam Blog

Antarctica Malayalam Blog

Antarctica Malayalam Blog

Antarctica Malayalam Blog

Antarctica Malayalam Blog

Antarctica Malayalam Blog

Antarctica Malayalam Blog

Antarctica Malayalam Blog

Antarctica Malayalam Blog

Antarctica Malayalam Blog

Antarctica Malayalam Blog

Antarctica Malayalam Blog

Antarctica Malayalam Blog

Antarctica Malayalam Blog

Antarctica Malayalam Blog

Antarctica Malayalam Blog

Antarctica Malayalam Blog

Antarctica Malayalam Blog

Antarctica Malayalam Blog

Antarctica Malayalam Blog

Antarctica Malayalam Blog

Post a Comment

0Comments
Post a Comment (0)